”മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ വധശിക്ഷ നീട്ടിവെച്ചത്, റദ്ദാക്കിയെന്നർത്ഥമില്ല” ; കൊല്ലപ്പെട്ട തലാലിന്റെ സഹേദരൻ

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തയോട് പ്രതികരണവുമായി കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തെത്തി. വധശിക്ഷ നീട്ടിവെച്ചത് വിധി റദ്ദാക്കിയെന്നർത്ഥമല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശിക്ഷ നടപ്പാക്കൽ താത്കാലികമായി നീട്ടുന്നത് അസാധാരണമായ കാര്യമല്ലെന്നും, നിരവധി കേസുകളിൽ സംഭവിക്കുന്ന സ്വാഭാവിക നടപടിയാണെന്നും അബ്ദുൽ ഫത്താഹ് വ്യക്തമാക്കി. നിയമങ്ങളെക്കുറിച്ച് അറിയാവുന്നവർക്ക് ഈ നടപടിയുടെ അർത്ഥം വ്യക്തമായിരിക്കും. അറ്റോർണി ജനറലിന് ശിക്ഷ ഒരു നിശ്ചിത കാലയളവിന് മാറ്റിവെക്കാനുള്ള അധികാരമുണ്ടെന്നും, സത്യം പരാജയപ്പെടില്ല, പുതിയ വധശിക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 28-ന് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു. വധശിക്ഷ റദ്ദാക്കുന്നതും മറ്റ് കാര്യങ്ങളും തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്നാണ് അന്നത്തെ അറിയിപ്പ്. നേരത്തെ, ജൂലൈ 16-ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി മാറ്റിവെച്ചിരുന്നു. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദിന്റെ ഇടപെടലോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചത്.
2017-ൽ യെമൻ പൗരനായ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടത്. സംഭവത്തിന് ശേഷം, അബ്ദുൽ മഹ്ദിയുടെ കുടുംബത്തെ നേരിൽ കണ്ടും ഗോത്ര തലവന്മാരുമായി ചർച്ച നടത്തിയുമാണ് നിമിഷപ്രിയയുടെ കുടുംബം മോചനം ശ്രമിച്ചെങ്കിലും, തുടക്കത്തിൽ ശ്രമങ്ങൾ ഫലപ്രദമായിരുന്നില്ല.
Tag: The postponement of the execution of Malayali nurse Nimisha Priya does not mean that the execution has been cancelled”; Brother of murdered Talal