indiaLatest NewsNationalNews

കന്യാസ്ത്രീകൾക്ക് ജാമ്യം; ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായിട്ട് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. അറസ്റ്റിന് ശേഷം അവർ ദുര്‍ഗ് ജയിലിൽ കഴിയുകയായിരുന്നു.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും അറസ്റ്റിലായത്. ബജ്രംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂരിലെ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലിയിലെ എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി.

കന്യാസ്ത്രീകളോടൊപ്പം മൂന്ന് പെൺകുട്ടികളും ഒരാളുടെ സഹോദരനും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ആഗ്രയിലേക്ക് പോകാൻ തയ്യാറായിരുന്ന ഇവരെ ദുര്‍ഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടഞ്ഞു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളികളിലേക്കും ജോലിക്കായി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് വ്യക്തമാക്കിയിരുന്നു. തിരിച്ചറിയൽ രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് ഇവർ പറഞ്ഞു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ കേരളത്തിലും രാജ്യതലസ്ഥാനത്തും വ്യാപക പ്രതിഷേധങ്ങൾ ഉയർന്നു. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസും സിപിഎമ്മും ശക്തമായ പ്രതിഷേധം രജിസ്റ്റർ ചെയ്തിരുന്നു.

Tag: Bail granted to nuns; Special NIA court in Bilaspur grants bail

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button