നടൻ കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നടൻ കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിൽ എത്തിച്ചു. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കുഴ‍്ഞു വീണ നിലയിൽ നവാസിനെ കണ്ടെത്തുന്നത്. തുടർന്ന് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു നവാസ് ചോറ്റാനിക്കരയിൽ എത്തിയത്.
ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിച്ച ശേഷം വീട്ടിലേക്ക് പോകുമെന്നായിരുന്നു സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. എന്നാൽ ചെക്ക് ഔട്ട് സമയം കഴിഞ്ഞിട്ടും റൂമിൽ പുറത്തേക്ക് വരാതിരുന്ന സാഹചര്യത്തിൽ, ഹോട്ടൽ ജീവനക്കാർ റൂം തുറന്ന് നോക്കുമ്പോഴാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം ഇന്ന് വൈകിട്ട് നാലുമണി മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനത്തിന് വെയ്ക്കും.
Tag: Postmortem report says actor Kalabhavan Navas’ death was due to heart attack