ഓൺലൈൻ സുരക്ഷ; കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓസ്‌ട്രേലിയ യൂട്യൂബിന് വിലക്കേർപ്പെടുത്തി. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമിൽ വ്യാപകമാണെന്നും ഇവ അപകടകരമാണെന്നുമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. വിലക്ക് ഡിസംബറിൽ പ്രാബല്യത്തിൽ വരും.
പതിനാറ് വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബ് വീഡിയോകൾ കാണാൻ സാധിക്കും, എന്നാൽ അവർക്കു ശുപാർശ ചെയ്യാനോ, വീഡിയോ പോസ്റ്റ് ചെയ്യാനോ, കമന്റ് ഇടാനോ കഴിയില്ല. മാതാപിതാക്കൾ കുട്ടികൾക്ക് വീഡിയോകൾ കാണിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങളൊന്നും നിലവിൽ ബാധകമല്ല.
ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മാനസികാരോഗ്യത്തെ മുൻഗണന നൽകുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് വ്യക്തമാക്കി. ഓൺലൈൻ തട്ടിപ്പുകൾ, സൈബർ ബുള്ളിയിംഗ്, അമിത സ്ക്രീൻ സമയം എന്നിവ കുട്ടികളുടെ സ്വഭാവത്തെയും മനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇ-സേഫ്റ്റി കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം, കൗമാരക്കാരിൽ നാലിൽ മൂന്നുപേർ കൂടുതലായി ഉപയോഗിക്കുന്നത് യൂട്യൂബാണെന്നും, 37% കുട്ടികൾക്കും മോശം കണ്ടന്റുകൾ ഏറ്റവുമധികം കണ്ടത് ഇതേ പ്ലാറ്റ്‌ഫോമിൽ നിന്നാണെന്നും പറയുന്നു.
ഇത് ഓസ്‌ട്രേലിയ ആദ്യമായി എടുത്ത തീരുമാനം അല്ല. മുൻപ് ടിക്‌ടോക്, ഇൻസ്റ്റാഗ്രാം, സ്നാപ്‌ചാറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ പട്ടികയിൽ യൂട്യൂബും ചേർന്നിരിക്കുകയാണ്. എന്നാൽ തങ്ങളുടെ ഉപയോക്താക്കളുടെ ഭൂരിഭാഗവും 13–15 വയസ്സുകാരാണെന്നും, വീഡിയോ ഷെയറിംഗ് മാത്രമാണ് കമ്പനി നടത്തുന്നതെന്നും, അതിനാൽ വിലക്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നുമാണ് യൂട്യൂബിന്റെ നിലപാട്.
Tag; Online safety; Australia bans children’s use of YouTube