റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. വിപണിയിലെ സാഹചര്യവും ദേശീയ താത്പര്യവും പരിഗണിച്ചാണ് ഇന്ത്യ തീരുമാനങ്ങൾ എടുക്കുന്നതെന്നും റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 25% താരിഫ് ചുമത്തിയിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്നുവെന്നതാണ് ഇതിന് പിന്നിലെ കാരണം എന്ന് ട്രംപ് വാദിച്ചു.
ഈ തീരുമാനത്തിന് പിന്നാലെ മാംഗ്ലൂർ റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംആർപിഎൽ), ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ റിഫൈനറികൾ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങൽ നിർത്തിയെന്നാണ് ചില റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇന്ത്യ റഷ്യയുമായുള്ള ദീർഘകാല വ്യാപാരബന്ധം തുടരുന്നുവെന്നും സർക്കാർ വ്യക്തമാക്കി.
ട്രംപ് തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ, ഇന്ത്യ സുഹൃത്താണെങ്കിലും ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള താരിഫ് ഇന്ത്യ ചുമത്തുന്നുവെന്നും, റഷ്യയുമായുള്ള വ്യാപാരബന്ധം യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നകരമാണെന്നും കുറിച്ചു.
യുക്രെയ്‌നിലെ യുദ്ധം അവസാനിക്കണമെന്ന ലോകത്തിന്റെ ആവശ്യത്തിനിടെ ഇന്ത്യയുടെ നടപടി മോസ്കോയെ സഹായിക്കുന്നുവെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അഭിപ്രായം. ഇന്ത്യ റഷ്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നത് യുദ്ധം തുടരാൻ സാമ്പത്തിക പിന്തുണ നൽകുന്നതായി റൂബിയോ ഫോക്സ് റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. റഷ്യൻ എണ്ണയ്ക്കു ഇന്ത്യ ആശ്രിതമായി തുടരുന്നതും ഈ പണം യുദ്ധത്തിനായി ഉപയോഗിക്കുന്നതും ട്രംപിന്റെ അസ്വസ്ഥതയ്ക്ക് പ്രധാന കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tag; The central government has denied reports that India has stopped buying oil from Russia