വിവാദ പരാമര്‍ശം; സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി
സിനിമാ കോണ്‍ക്ലേവ് സമാപന വേദിയില്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടർന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. അടൂരിന്റെ പ്രസ്താവന എസ്.സി./എസ്.ടി. നിയമപ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ്.സി./എസ്.ടി. കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
പരാതിക്കാരന്റെ ആരോപണം പ്രകാരം, അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ള വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതാണ്. പൊതുവേദിയില്‍ അവരെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്നും, വിവാദ പ്രസ്താവനയെ തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും ആവശ്യപ്പെടുന്നു.
ഫിലിം കോണ്‍ക്ലേവില്‍ സംസാരിക്കവെ, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവര്‍ സിനിമ നിര്‍മിക്കാന്‍ വരുമ്പോള്‍ കുറഞ്ഞത് മൂന്ന് മാസത്തെ വിദഗ്ധരുടെ പരിശീലനം നല്‍കണമെന്നാണ് അടൂര്‍ ആവശ്യപ്പെട്ടത്. ചലച്ചിത്ര വികസന കോർപ്പറേഷൻ അനാവശ്യമായി പണം കളയരുതെന്നും, ഒന്നര കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലരും നിലവാരമില്ലാത്ത സിനിമകള്‍ മാത്രമാണ് നിര്‍മിക്കുന്നതെന്നും അടൂര്‍ പറഞ്ഞു. “സ്ത്രീയായത് കൊണ്ടുമാത്രം അവസരം നല്‍കരുത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടൂരിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരിക്കുകയാണ്.
Tag: Controversial remarks; Complaint filed with police against director Adoor Gopalakrishnan