“കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാൽ നടപടി ഉണ്ടായിരിക്കും, അതാണ് സർക്കാരിന്റെ നിലപാട്”; പി. ജയരാജൻ
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിന്റെ കാവലിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജനും സ്പീക്കർ എ.എൻ. ഷംസീറും.
സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും അത് സർക്കാരിന്റെ സ്ഥിരം നിലപാടാണെന്നും പി. ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി. “കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാൽ നടപടി ഉണ്ടായിരിക്കും. അതാണ് പിണറായി വിജയൻ സർക്കാരിന്റെ പ്രത്യേകത. തെറ്റ് ചെയ്തവർക്കെതിരെ സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കും,” ജയരാജൻ പറഞ്ഞു.
പ്രതികളുടെ മദ്യപാന സംഭവത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീരും വ്യക്തമാക്കി. “ജയിൽ ചട്ടങ്ങൾ ലംഘിച്ചവർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ജയിലിനകത്ത് മദ്യപിച്ചതായി എന്റെ അറിവിലില്ല, ജയിലിനു പുറത്താണ് സംഭവമുണ്ടായത്. എങ്കിലും ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കപ്പെടാനാവില്ല,” ഷംസീർ വ്യക്തമാക്കി.
കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ തലശ്ശേരിയിലെ ഒരു ഹോട്ടലിന്റെ മുറ്റത്ത് നിന്നാണ് പുറത്ത് വന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോഴാണ് പ്രതികൾ സുഹൃത്തുക്കൾ നൽകിയ മദ്യം ഉപയോഗിച്ചത്. സംഘത്തിൽ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പ്രതികൾക്ക് അകമ്പടി നൽകിയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
Tag: action will be taken if discipline is violated, that is the government’s stance”; P. Jayarajan