കേരളത്തിലേക്ക് ലിയോണല്‍ മെസി എത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ സ്ഥിരീകരിച്ചു. ഈ വർഷം ഒക്ടോബറിൽ മെസിയെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും, സ്പോൺസർമാരും ബന്ധപ്പെട്ടവരും അതിനായുള്ള സാധ്യത ഇല്ലെന്ന് അറിയിച്ചതോടെ തീരുമാനം അന്തിമമായി. അർജന്റീന ടീമിനെ എത്തിക്കുന്നതിനായുള്ള കരാറിന്റെ ആദ്യഗഡു ഇതിനകം നൽകിയിരുന്നു. നേരത്തെ മന്ത്രി, മെസിയും അർജന്റീന ഫുട്ബോൾ ടീമും ഒക്ടോബറിൽ കേരളത്തിൽ പന്തുതട്ടാനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, മെസി ഡിസംബറിൽ ഇന്ത്യയിൽ എത്തുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫുട്ബോൾ വർക്ക്‌ഷോപ്പുകൾക്കായി അദ്ദേഹം മുംബൈ, കൊൽക്കത്ത, ഡൽഹി നഗരങ്ങൾ സന്ദർശിക്കുമെന്ന് അറിയുന്നു. വാംഖഡെ സ്റ്റേഡിയം, ഈഡൻ ഗാർഡൻസ്, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നിവിടങ്ങളിൽ മെസിയുടെ സാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ, മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ മെസി പങ്കെടുക്കാനും സാധ്യതയുണ്ട്.
ഈ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, എം. എസ്. ധോണി എന്നിവരും പങ്കെടുക്കുമെന്ന് കരുതുന്നു. ഏഴ് താരങ്ങൾ പങ്കെടുക്കുന്ന പ്രത്യേക മത്സരമായിരിക്കും ഇത്. 2011ൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെതിരെ സൗഹൃദ മത്സരം കളിക്കാൻ അർജന്റീനയും മെസിയും ഇന്ത്യ സന്ദർശിച്ചിരുന്നു. 14 വർഷങ്ങൾക്ക് ശേഷം മെസി വീണ്ടും ഇന്ത്യയിലെത്തുമ്പോൾ ആരാധകർക്ക് വലിയ ആവേശമാണ്.
ഈ വർഷം ഒക്ടോബറിൽ അർജന്റീന ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. നവംബറിൽ ഖത്തറിലും ആഫ്രിക്കയിലും മത്സരങ്ങൾ നടക്കും. ആഫ്രിക്കയിലെ മത്സരത്തിൽ അംഗോളയും ഖത്തറിൽ യുഎസും എതിരാളികളാകും. സെപ്റ്റംബർ അവസാനം ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പൂര്‍ത്തിയാകും.
Tag: Messi will not come to Kerala; Sports Minister V. Abdurahman