മാപ്പ് ചതിച്ചു;കാനയിൽ വീണ് കാർ അപകടപ്പെട്ടു

കൊച്ചി :കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ പലസ്ഥലത്തും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് മൂലമുള്ള ദുരിതം നിരന്തരം തുടരുന്നതിനിടെയാണ് തൃപ്പുണിത്തുറ പേട്ടയിൽ യൂബര്‍ ടാക്സി കാര്‍ കാനയിൽ വീണത് .പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത് യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് കാര്‍ വീണത്. പേട്ട താമരശേരി റോഡിൽ വെച്ചാണ് അപകടം.കാനയും റോഡും തിരിച്ചറിയാൻ കഴിയാത്ത വിധം സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതിനിടെയാണ് സ്ഥലപരിചയമില്ലാത്ത യൂബര്‍ ഓണ്‍ലൈൻ ടാക്സി ഡ്രൈവര്‍ അപകടത്തിൽപ്പെട്ടത്. ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. വഴിയാണെന്ന് തെറ്റിദ്ധരിച്ച് കാര്‍ തിരിച്ചപ്പോഴാണ് കാനയിലേക്ക് വീണത്. ഉടൻ തന്നെ ഡ്രൈവര്‍ കാറിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കാര്‍ റിക്കവറി വാഹനം ഉപയോഗിച്ച് പുറത്തെടുത്തു. ഇന്ന് രാവിലെ ട്രിപ്പ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് കാര്‍ പേട്ടയിലെ കാനയിൽ വീണത്. കാര്‍ ഡ്രൈവര്‍ സ്ഥലത്തുള്ളയാള്‍ അല്ലെന്നും സ്ഥല പരിചയമില്ലെന്നും ഓട്ടം വന്നശേഷം തിരിച്ചുപോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. തോടും റോഡും തമ്മിൽ വേര്‍തിരിച്ചുകൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങളോ സ്ലാബിട്ട് മൂടുകയോ ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.മാത്രമല്ല കൊച്ചിയിൽ കളമശ്ശേരിയടക്കമുള്ള സ്ഥലത്ത് വെള്ളക്കെട്ട് രൂക്ഷമായി മാറുകയാണ് . കൊച്ചിയിലെ വിവിധയിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറി. മരട്, വെണ്ണല തുടങ്ങിയ വിവിധയിടങ്ങളിൽ വെള്ളം കയറി തുടങ്ങിട്ടുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണെമന്നും കാലാവസ്ഥാവകുപ്പ് മുന്നറിപ്പ് നല്കിട്ടുണ്ട്.