64-ാമത് കേരള സ്‌കൂള്‍ കലോത്സവ തീയതികള്‍ പ്രഖ്യാപിച്ചു.

2026 ജനുവരി 07 മുതല്‍ 11 വരെ തൃശ്ശൂര്‍ ജില്ലയില്‍ വച്ചാണ് കലോത്സവം നടക്കുക. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്‌കൂള്‍തല മത്സരങ്ങള്‍ സെപ്തംബര്‍ മാസത്തിലും, സബ്ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങള്‍ നവംബര്‍ ആദ്യവാരവും പൂര്‍ത്തിയാക്കും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കായികമേള തിരുവനന്തപുരത്തും, ശാസ്ത്രമേള പാലക്കാടുമായിരിക്കും നടക്കുക.,സ്‌പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്തും നടക്കും.കഴിഞ്ഞ തവണ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂർ ആയിരുന്നു ഓവറോള്‍ ചാമ്പ്യന്മാർ. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍നൂറ്റാണ്ടിന് ശേഷം തൃശൂര്‍ അന്ന് ചാമ്പ്യന്മാരായത്. സമാപന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന് നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും എത്തിയിരുന്നു.മുൻ വർഷത്തേതിന് സമാനമായി ഒളിമ്പിക്‌സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള സംഘടിപ്പിക്കുക.