ഹിമാചലിൽ കുടുങ്ങിക്കിടന്ന 413 തീർത്ഥാടകരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
ഹിമാചലിൽ പ്രളയസമാനമായ മഴയെ തുടർന്ന് കുടുങ്ങിക്കിടന്ന 413 തീർത്ഥാടകരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കിന്നൗർ – കൈലാസ് യാത്രാമാർഗത്തിൽ കുടുങ്ങിയവരെയാണ് ദേശീയ ദുരന്തനിവാരണ സേന (NDRF)യും ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് (ITBP)യും ചേർന്ന് രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച കിന്നൗറിൽ മേഘവിസ്ഫോടനവും കനത്ത മഴയും അനുഭവപ്പെട്ടിരുന്നു. രാവിലെ ടാങ്ലിംഗ് ഡ്രെയിനിന് മുകളിലുള്ള പാലം ഒലിച്ചുപോയതോടെ യാത്രക്കാർ കുടുങ്ങുകയായിരുന്നു. വിവരം ലഭിച്ച ഉടൻ ജില്ലാ ഭരണകൂടം ഐടിബിപിയെ വിവരം അറിയിച്ചു, തുടർന്ന് രക്ഷാസേനയെ വിന്യസിച്ച് പ്രവർത്തനം ആരംഭിച്ചു.
അതേസമയം, ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെയും മിന്നൽപ്രളയത്തെയും തുടർന്ന് കുടുങ്ങിയവരിൽ മലയാളികൾ ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ടൂർ പാക്കേജിന്റെ ഭാഗമായി പോയ 28 മലയാളികളിൽ 20 പേർ മുംബൈയിൽ താമസിക്കുന്നവരാണ്. സംഘം ഇന്നലെ രാവിലെ 8.30 ഓടെ ഹോട്ടലിൽ നിന്ന് ഗംഗോത്രിയിലേക്ക് തിരിച്ചിരുന്നു. പിന്നീട് എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു.
കുടുങ്ങിയ മലയാളികൾ സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡിൽ നിന്നുള്ള മലയാളിയായ ദിനേശ് മയ്യനാട് സ്ഥിരീകരിച്ചു. അരമണിക്കൂർ മുൻപ് അവരുമായി ബന്ധപ്പെടാനായെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്ത് മൊബൈൽ കണക്ടിവിറ്റി പ്രശ്നവും ചാർജിംഗ് സൗകര്യങ്ങളുടെ അഭാവവും തുടരുന്നു. റോഡ് ക്ലിയറൻസ് പ്രവർത്തനം പുരോഗമിക്കുകയാണെന്നും, സാഹചര്യം വഷളായാൽ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികളും പരിഗണിച്ചിട്ടുണ്ടെന്നും ദിനേശ് കൂട്ടിച്ചേർത്തു. ശക്തമായ മഴ പ്രദേശത്ത് തുടരുകയാണ്.
Tag: 413 pilgrims stranded in Himachal rescued safely