ഇന്നു ഇതുവരെയുള്ള പ്രധാനവാർത്തകൾ; അപ്ഡേറ്റ്സ്
വോട്ടർ പട്ടിക ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്പദമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവർ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഒരു കോടി വോട്ടുകളാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി പോൾ ചെയ്തതെന്നും രാഹുൽ ഗാന്ധി.
തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഡോ. ഹാരിസ് ചിറക്കല്‍. കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു. ഇതോടെ ഉപകരണങ്ങള്‍ മടക്കി അയക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടുവെന്നും ഡോക്ടർ ഹാരിസ് ചിറയ്ക്കൽ.
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസ് പ്രതിയായ അറ്റൻഡർ എ എം ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഭക്ഷണശാലയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്കപ്പുരത്തെ ആർഷ ഫാസ്റ്റ് ഫുഡ് കടയുടമ വിജയനാണ് മരിച്ചത്. പൊട്ടിത്തെറിയിൽ കടയുടെ ഷട്ടർ താഴെവീണതിനാൽ വിജയന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛൻ്റെ ക്രൂരത. കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം. കുഞ്ഞിൻ്റെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വികൃതി കാണിച്ചതിന്റെ പേരിലാണ് ഇയാൾ കുഞ്ഞിനോട് ക്രൂരത കാണിച്ചത്.
കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന്റെ ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി. ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി. ആനയ്ക്ക് റേഡിയോ കോളറും ഘടിപ്പിച്ചു.
2025 ലെ ആദായനികുതി ബിൽ പിൻവലിച്ച് കേന്ദ്ര സർക്കാർ. 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഫെബ്രുവരി 13 ന് ലോകസഭയിൽ അവതരിപ്പിച്ച ആദായനികുതി ബില്ലാണ് പിൻവലിച്ചിരിക്കുന്നത്. പുതുക്കിയ പതിപ്പ് തിങ്കളാഴ്ച ലോകസഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ.
ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കന്യാസ്ത്രീകൾക്കും വൈദികന്മാർക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. പാർലമെന്റിന് പുറത്താണ് യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചത്. വർധിച്ചുവരുന്ന ആക്രമണങ്ങളിൽ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് വീണ്ടും നിവേദനം സമർപ്പിക്കുമെന്ന് പ്രതിഷേധത്തിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എംപിയും ആന്റോ ആന്റണി എംപിയും പറഞ്ഞു.
ഗാസ സിറ്റിയെ ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കി ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ്. ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് യോഗത്തിന് മുമ്പ് നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് അഞ്ച് പദ്ധതികള്‍ക്കും ഇസ്രയേലിന്റെ സുരക്ഷാ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു എന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ വീണ്ടും 25 ശതമാനം അധിക തീരുവ ചുമത്തിയതിനെ തുടര്‍ന്നാണ് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയത്.
Tag: Today’s top news so far; updates