ജോത്സ്യൻ സന്ദർശന വിവാദം: നിഷേധിച്ച് എം.വി. ഗോവിന്ദൻ, “സംസ്ഥാന സമിതിയിൽ ആരോപണമില്ല”
സിപിഐഎം നേതാക്കൾ ജോത്സ്യരെ സന്ദർശിച്ചുവെന്ന ആരോപണത്തെ പൂര്‍ണ്ണമായും നിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നേതാക്കളുടെ ജോത്സ്യൻ സന്ദർശനം സംസ്ഥാന സമിതിയിൽ വിമർശനം ഉയര്‍ത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“സംസ്ഥാന സമിതിയില്‍ ഇക്കാര്യത്തില്‍ ഒരു വിമര്‍ശനവും ഉയര്‍ന്നിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് യാതൊന്നും ശരിയല്ല. ചിലര്‍ കഥകള്‍ ഉണ്ടാക്കി അതിനെതിരെ പ്രതികരണങ്ങള്‍ തേടുന്നു. ഇതെല്ലാം വേണ്ടാത്തതാണ്,” എന്ന് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേ എം വി ഗോവിന്ദൻ പറഞ്ഞു.
പ്രശസ്ത ജോത്സ്യനെ എം വി ഗോവിന്ദൻ സന്ദർശിച്ച ചിത്രമാണ് വിവാദത്തിന് തുടക്കമാകുന്നത്. ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നേതാക്കളുടെ ജോത്സ്യൻ സന്ദർശനം പാര്‍ട്ടിയിലും ചർച്ചയായത് എന്നായിരുന്നു വാര്‍ത്തകള്‍. പ്രത്യേകിച്ച് കണ്ണൂരിൽ നിന്നുള്ള ഒരു പ്രമുഖ നേതാവാണ് ഈ വിഷയം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതെന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. “എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ ജോത്സ്യന്മാരെ കാണാൻ പോകുന്നത്?” എന്നായിരുന്നു ചോദ്യം. ഈ ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയിൽ നിലവിൽ യാതൊരു ഔദ്യോഗിക അംഗീകാരവും ഇല്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
Tag: Astrologer visit controversy: MV Govindan denies, “There are no allegations in the state committee”