അടൂർ ഗോപാലകൃഷ്ണനെതിരായ പരാതി; പ്രാഥമിക പരിശോധന ആരംഭിക്കാൻ പൊലീസ്
അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധന ആരംഭിക്കാൻ പൊലീസ് തീരുമാനിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്നത് അന്വേഷണം പൂർത്തിയായശേഷം തീരുമാനിക്കും. ഇതിനായി അടൂർ ഗോപാലകൃഷ്ണന്റെയും പരാതിക്കാരനായ ദിനു വെയിലിന്റെയും മൊഴികൾ രേഖപ്പെടുത്തും. കൂടാതെ കോൺക്ലേവിൽ പ്രതിഷേധം ഉന്നയിച്ച പ്രതിനിധികളുടെയും മൊഴി ശേഖരിക്കുമെന്ന് അറിയിച്ചു. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ കേസ് എടുക്കുന്നതിനെ കുറിച്ച് തീരുമാനമുണ്ടാകൂ.
മൊഴിയെടുപ്പ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനാണ് നടത്തുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുകയും ജാതിപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് അടൂർ ഗോപാലകൃഷ്ണനെതിരായ പരാതി. മ്യൂസിയം പൊലീസ്, ഡിജിപി, മുഖ്യമന്ത്രി എന്നിവർക്കാണ് പരാതി സമർപ്പിക്കപ്പെട്ടത്. നിയമോപദേശം തേടിയത് സാധാരണ നടപടിക്രമമാണെന്ന് പൊലീസ് വ്യക്തമാക്കി.
സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവിൽ നടത്തിയ പ്രസംഗത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ വിവാദത്തിലായത്. ഇതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് പൊലീസ് ലഭിച്ച നിയമോപദേശം വ്യക്തമാക്കി. പ്രസംഗത്തിൽ ജാതിയാധിഷ്ഠിതമായോ വ്യക്തിപരമായോ അധിക്ഷേപം നടത്തിയിട്ടില്ലെന്നും, കോൺക്ലേവിൽ വെച്ച് ഒരു നിർദ്ദേശം മുന്നോട്ടുവച്ചതാണെന്നും, ദളിത് വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യം നിർത്തലാക്കണമെന്നോ അവരെ പരിഗണിക്കരുതെന്നോ പറഞ്ഞിട്ടില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കി.
Tag; Complaint against Adoor Gopalakrishnan; Police to begin preliminary investigation