international newsLatest NewsWorld

പത്ത് ലക്ഷം പലസ്തീനികളുടെ ഭാവി അനിശ്ചിതത്വത്തിൽ: ഗാസ പിടിച്ചെടുക്കൽ തീരുമാനത്തിന് കടുത്ത എതിർപ്പ്

ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സുരക്ഷാ മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ഉയരുന്ന അന്താരാഷ്ട്ര വിമർശനങ്ങളെ പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് ഇസ്രയേൽ. ലോക നേതാക്കളുടെ എതിർപ്പുകൾ അംഗീകരിക്കാനില്ലെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, “ഞങ്ങളുടെ ദൃഢനിശ്ചയത്തെ ഒരു രാജ്യവും ദുര്‍ബലപ്പെടുത്തുകയില്ല. ഈ തീരുമാനം ഐക്യത്തോടെ, ഉറച്ച മനസ്സോടെ എടുത്തതാണ്. ശത്രുക്കൾക്ക് നേരെയുള്ള ശക്തമായ പ്രഹരമായിരിക്കും ഇത്” എന്നും വ്യക്തമാക്കി.

യൂറോപ്യൻ യൂണിയൻ, ഈ നീക്കത്തെ ജൂലൈ 19-ലെ കരാറിന്റെ ലംഘനമെന്നു വിശേഷിപ്പിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, ഇത് ഇ യു–ഇസ്രയേൽ ബന്ധങ്ങൾക്ക് ദോഷകരമാകുമെന്ന് മുന്നറിയിപ്പ് നൽകി. യുഎൻ, യുകെ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളും ഗാസയിലെ യുദ്ധം വ്യാപിപ്പിക്കുന്ന ഇസ്രയേൽ തീരുമാനത്തെ അപലപിച്ചു. ജർമനി ഇസ്രയേലിലേക്കുള്ള സൈനികോപകരണ കയറ്റുമതി നിർത്തിവയ്ക്കുമെന്നും അറിയിച്ചു.

സുരക്ഷാ മന്ത്രിസഭ അംഗീകരിച്ച പദ്ധതിയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി അഞ്ച് പ്രധാന തത്ത്വങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്:

1,ഹമാസിനെ നിരായുധീകരിക്കൽ

2, എല്ലാ ബന്ദികളെയും മോചിപ്പിക്കൽ

3, ഗാസ മുനമ്പിന്റെ സൈനികവൽക്കരണം

4,പ്രദേശത്തിന്റെ സുരക്ഷാ നിയന്ത്രണം ഏറ്റെടുക്കൽ

5,ഹമാസോ പലസ്തീൻ അതോറിറ്റിയോ അല്ലാത്ത, പകരം സിവിൽ ഭരണകൂടം സ്ഥാപിക്കൽ

ഇതിൽ ആദ്യം നടപ്പാക്കുക ഗാസ നഗരത്തിന്റെ പൂർണ്ണ നിയന്ത്രണമാണ്. ഇതിന് ഭാഗമായി ഏകദേശം പത്ത് ലക്ഷം പലസ്തീനികളെ തെക്കോട്ട് മാറ്റിപ്പാർപ്പിക്കാനും, മധ്യ ഗാസയിലെ അഭയാർഥി ക്യാമ്പുകളും ബന്ദികളെ തടവിലാക്കിയിരിക്കുന്നുവെന്ന് കരുതുന്ന പ്രദേശങ്ങളും സൈനിക നിയന്ത്രണത്തിൽ കൊണ്ടുവരാനുമാണ് തീരുമാനം. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സൈനികാക്രമണം ഉണ്ടാകാനും, അതോടൊപ്പം മാനുഷിക സഹായം വർധിപ്പിക്കാനുമാണ് പദ്ധതിയെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, ഈ നീക്കത്തിന് ഇസ്രയേലിനകത്തുതന്നെ എതിർപ്പുണ്ട്. ചില സൈനിക ഉദ്യോഗസ്ഥരും, ബന്ദികളുടെ കുടുംബങ്ങളും കടുത്ത പ്രതികരണം പ്രകടിപ്പിച്ചിട്ടുണ്ട്. ഹമാസ്, “ഗാസ പിടിച്ചെടുക്കുന്നത് പുതിയ യുദ്ധക്കുറ്റകൃത്യം” എന്നും, “ഇസ്രയേൽ അതിന് വലിയ വില നൽകേണ്ടി വരും” എന്നും മുന്നറിയിപ്പ് നൽകി.

യുകെ, ജർമനി, ഇറ്റലി, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ ഇസ്രയേൽ തീരുമാനത്തെ അപലപിക്കുകയും, ഗാസ പിടിച്ചെടുക്കലും കടന്നുകയറ്റവും അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്കിന്റെ മുന്നറിയിപ്പിൽ, “സംഘർഷം രൂക്ഷമാകുന്നത് വലിയതോതിലുള്ള നിർബന്ധിത കുടിയിറക്കത്തിനും, കൊലപാതകങ്ങൾക്കും, അസഹനീയമായ കഷ്ടപ്പാടുകൾക്കും, വിവേകശൂന്യമായ നാശത്തിനും കാരണമാകും” എന്ന് പറയുന്നു.ഈ നീക്കം, ഏകദേശം പത്ത് ലക്ഷം പലസ്തീനികളുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുന്നതായി അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു.

Tag: Future of one million Palestinians uncertain: Strong opposition to Gaza annexation decision

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button