ബലാത്സംഗക്കേസ്; റാപ്പർ വേടനായുളള പൊലീസ് അന്വേഷണം ശക്തമാക്കി പൊലീസ്
ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ ഹിരണ്‍ദാസ് മുരളി അഥവാ ‘വേടന്‍’യെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കി. ഇയാള്‍ കേരളത്തില്‍ ഇല്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്, അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ പരിഗണന ഹൈക്കോടതി ഈ മാസം 18-ലേക്ക് മാറ്റിയിരുന്നു. ജാമ്യാപേക്ഷയ്‌ക്കെതിരെ പൊലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും, കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ നടപടികള്‍ക്ക് തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വേടന്റെ ലൊക്കേഷന്‍ നിരീക്ഷിച്ചുവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. പുട്ട വിമലാദിത്യ അറിയിച്ചു. കേസിലെ സാക്ഷികളുടെ മൊഴിയെടുപ്പ് തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രതി ഒളിവില്‍പോയതിന് പിന്നാലെ തൃശൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് വേടന്റെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
Tag: Rape case; Police intensify investigation into rapper vedan arrest