”ട്രംപിന്റെ നടപടി ഇന്ത്യയെ ചൈനയുടെയും റഷ്യയുടെയും അടുത്തേക്ക് കൂടുതൽ അടുപ്പിക്കും”- യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. സിഎൻഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ നീക്കം ഇന്ത്യയെ ചൈനയുടെയും റഷ്യയുടെയും അടുത്തേക്ക് കൂടുതൽ അടുപ്പിക്കും. ഒടുവില്‍ ഈ മൂന്ന് രാജ്യങ്ങളും അമേരിക്കയ്‌ക്കെതിരെ ഒന്നിക്കാനിടയാകും.
തീരുവ പ്രഖ്യാപനം അമേരിക്കയ്ക്ക് യാതൊരു ഗുണവും നല്‍കില്ലെന്നതു മാത്രമല്ല, അതിവിശാലമായ ദോഷഫലങ്ങളാണ് ഉണ്ടാക്കുക എന്നും ബോള്‍ട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയെ റഷ്യയിലും ചൈനയിലും നിന്ന് അകറ്റാനുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളായ ശ്രമങ്ങള്‍ ട്രംപ് അപകടത്തിലാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള ബന്ധം മോശമാക്കുന്ന ഈ നടപടി യുഎസിന്റെ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ബോള്‍ട്ടന്‍ പറഞ്ഞു.
ചൈനയ്‌ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാതെ, ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയ ട്രംപിന്റെ നടപടി അസംതൃപ്തികരമാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കരാറിലേര്‍പ്പെടാനുള്ള തിരക്കില്‍ ട്രംപ് അമേരിക്കയുടെ താല്‍പര്യങ്ങള്‍ തന്നെ ബലികഴിക്കുന്നുവെന്നും ഇതുവഴി റഷ്യയ്ക്ക് സ്വന്തം അജണ്ട മുന്നോട്ടുകൊണ്ടുപോകാനും യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവ പ്രയോജനപ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യം 25 ശതമാനമായിരുന്ന തീരുവ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക നല്‍കിയ മുന്നറിയിപ്പ് ഇന്ത്യ അവഗണിച്ചതിനെ തുടര്‍ന്ന് 25 ശതമാനം കൂടി കൂട്ടിയതാണ്. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസില്‍ 50 ശതമാനം തീരുവ ബാധകമായി. അമേരിക്കയുടെ ഈ നടപടിയെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
Tag: ”Trump’s move will bring India closer to China and Russia” – Former US National Security Advisor