ഇന്ന് ഇതുവരെയുള്ള സമഗ്ര വാർത്തകൾ; ന്യൂസ് അപ്ഡേറ്റ്സ്
1, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
2, കോഴിക്കോട്ട് വയോധികരായ സഹോദരിമാർ വീടിനുള്ളില്‍ മരിച്ചനിലയില്‍;കൂടെ താമസിച്ചിരുന്ന സഹോദരനെ കാണാനില്ല. കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
3, സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വീട്ടിലും സ്കൂളിലും കുട്ടികൾ നേരിടുന്ന അതിക്രമം ഒഴിവാക്കാനാണ് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകിയത്. കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും തടയാനുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
4, കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ പരിഗണന വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി. കേരള ഹൈക്കോടതിയുടെ രജിസ്ട്രാര്‍ ജനറലിനാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ആണ് ഈ നിര്‍ദേശം നല്‍കിയത്.
5, കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ യുവാവിന്റെ അപകട ഡ്രൈവിംഗ്. ഇന്നലെ അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷ് കുമാറാണ്. കുണ്ടന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന 13 വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചത്.
6, രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്. 2019 മുതല്‍ ആറ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇനി ആറ് ദേശീയ പാര്‍ട്ടികളും 67 പ്രാദേശിക പാര്‍ട്ടികളുമാണ് ഉണ്ടാകുക.
7, ഡല്‍ഹിയില്‍ മതില് ഇടിഞ്ഞുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ജയിത്പൂരിലാണ് സംഭവം. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
8, ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ പാകിസ്താന്റെ ആറ് വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടുവെന്ന വെളിപ്പെടുത്തലുമായി എയർ ചീഫ് മാർഷൽ എ പി സിങ്. ഇതിൽ അഞ്ചെണ്ണം യുദ്ധവിമാനങ്ങൾ ആണെന്നും എ പി സിങ്ങ് വ്യക്തമാക്കി. എസ് 400 വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഇന്ത്യ പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതെന്ന് എ പി സിങ് വ്യക്തമാക്കി.
9, ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നു. ഹർസിൽ ക്യാമ്പ് ഭാഗത്താണ് തിരച്ചിൽ തുടരുന്നത്. മണ്ണിനടിയിൽ മൃതദേഹങ്ങളുണ്ടോ എന്നറിയാനായി സംശയമുള്ള ഇടങ്ങളിലെല്ലാം റഡാർ സംവിധാനം ഉപയോഗിച്ചാണ് പരിശോധന.
10, മെസ്സിയുടെയും അർജന്റീന ടീമിന്റേയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും സ്പോൺസർ പണം അടച്ചിട്ടുണ്ടെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു. ഈ വർഷം അർജന്റീന ടീം കേരളത്തിൽ കളിച്ചില്ലെങ്കിൽ പിന്നീട് കേരളത്തിന് താൽപര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
11, സിപിഐഎം നേതാവ് ജ്യോത്സനെ കണ്ടുവെന്ന് വിമർശനത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് എകെ ബാലൻ. ജ്യോത്സനെ കണ്ടാൽ എന്താണ് പ്രശ്നമെന്ന് എകെ ബാലൻ ചോദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേതാക്കൾ എല്ലാവരേയും കാണും. രാശി നോക്കാനല്ല ജ്യോത്സനെ കണ്ടത്. ജ്യോത്സന്മാരും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നവരാണെന്നും എകെ ബാലൻ.
12, ചിറ്റൂർ പുഴയിലെ ഷണ്മുഖം കോസ് വേയിൽ ഓവ്ചാലിൽ പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വിനോദസഞ്ചാരത്തിനായി കോയമ്പത്തൂരിലെ കോളജിൽ നിന്ന് എത്തിയ ശ്രീഗൗതവും അരുൺ കുമാറുമാണ് മരിച്ചത്. ശ്രീഗൗതമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുണിനെ നാലു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.
Tag: Today’s full news so far; News Updates