അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ
യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ ആത്മഹത്യ കേസിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സതീഷിനെ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിൽ എടുത്ത് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ പിടികൂടാൻ പൊലീസ് മുമ്പ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നാട്ടിലെത്തിയ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് ഇമിഗ്രേഷൻ വകുപ്പിന് പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. പിന്നീട് വലിയതുറ പൊലീസ് സതീഷിനെ ക്രൈം ബ്രാഞ്ചിന് കൈമാറും. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചാണ് നടത്തുന്നത്.
കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയുടെ മരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജൂലൈ 19-ന് ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അതുല്യയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ, ഷാർജയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.
Tag: Athulya’s death; husband Satish arrested