ഗാസ സിറ്റിയിൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ഗാസ സിറ്റിയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ എല്ലാവരും അൽജസീറ ചാനലിലെ ജീവനക്കാരാണ്. അൽ ഷിഫ ആശുപത്രിയുടെ മുൻവശത്തുവെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറാമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് മരിച്ചത്.
അൽജസീറയുടെ വിവരമനുസരിച്ച്, ആശുപത്രി മുന്നിൽ നിർമ്മിച്ചിരുന്ന താൽക്കാലിക ഷെഡുകൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. കൂടാതെ, രണ്ട് ഗാസ സ്വദേശികളും ജീവൻ നഷ്ടപ്പെടുത്തി.
അതേസമയം, അൽ ഷെരീഫിന്റെ മരണത്തെക്കുറിച്ച് ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹമാസ് ഭീകരസംഘടനയിലെ അംഗമായിരുന്നുവെന്നാരോപിച്ചാണ് ഇസ്രായേൽ സൈന്യം പ്രതികരിച്ചത്. ഹമാസിനുവേണ്ടി പ്രവർത്തിക്കുകയും ഇസ്രായേലിനെതിരായ ആക്രമണത്തിൽ പങ്കാളിയാകുകയും ചെയ്തുവെന്നുമാണ് അവരുടെ നിലപാട്.
ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളുടെ ഭീകര സത്യങ്ങൾ ലോകത്തെ അറിയിച്ചിരുന്ന പ്രമുഖ മാധ്യമപ്രവർത്തകനായിരുന്നു അൽ ഷെരീഫ്. കൊല്ലപ്പെടുന്നതിന് മിനിറ്റുകൾ മുമ്പ് പോലും ഗാസയിലെ ആക്രമണ ദൃശ്യങ്ങൾ അദ്ദേഹം പങ്കുവച്ചിരുന്നു.
Tag; Five journalists killed in Gaza City attack