indiaNationalNews

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ചിൽ സംഘർഷം; തടഞ്ഞ് പൊലീസ്, എംപിമാർ അറസ്റ്റിൽ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് വോട്ടു ചോരിക്കെതിരായ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ നേതൃത്വം നൽകിയ ഈ പ്രതിഷേധത്തിന്റെ ലക്ഷ്യം രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കലാണെന്ന് എംപിമാർ വ്യക്തമാക്കി. മാർച്ചിനെ മുന്നിൽ കണ്ടു കമ്മീഷൻ ഓഫിസിനു ചുറ്റും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

ട്രാൻസ്‌പോർട്ട് ഭവനു മുന്നിൽ എത്തിയപ്പോൾ ഡൽഹി പൊലീസ് മാർച്ചിനെ തടഞ്ഞു. റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പിരിഞ്ഞുപോകാൻ നിർദേശിച്ചെങ്കിലും എംപിമാർ നിരസിച്ചു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധം നടത്തി. പ്രിയങ്കാ ഗാന്ധി, ഡിംപിള്‍ യാദവ്, കെ. സി. വേണുഗോപാൽ എന്നിവർ റോഡിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ചു.

“ഇത് രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ്” എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. മാർച്ചിൽ ശശി തരൂർ എംപിയും പങ്കെടുത്തു; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വാസ്യത വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര എംപിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ, ചികിത്സ നൽകണമെന്ന് സഹപ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു. മാർച്ച് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി, തുടർന്ന് പൊലീസ് പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്ത് മാറ്റി.

ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ (SIR) നടപടിക്കും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ ‘വോട്ടർ തട്ടിപ്പ്’ ആരോപണങ്ങൾക്കുമെതിരെയുമാണ് ഇന്ത്യ സഖ്യത്തിന്റെ ഈ പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചതിനെത്തുടർന്ന് സഭകൾ ഉച്ചയ്ക്ക് 2 മണിവരെ പിരിഞ്ഞു. വോട്ടു ക്രമക്കേട് വിഷയത്തിൽ പ്രതിപക്ഷ എംപിമാരെ കാണാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നെങ്കിലും, 30 എംപിമാരെ മാത്രമേ സ്വീകരിക്കൂവെന്ന നിബന്ധന പ്രതിപക്ഷം നിരസിച്ചു.

Tag: Clashes erupt during India Alliance march to Election Commission headquarters; Police stop march, MPs arrested

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button