പാകിസ്ഥാൻ കരസേന മേധാവിയ്ക്ക് ചുട്ട മറുപടി; ഇത്തരെ ഭീഷണികൾ ഇന്ത്യയെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം
പാക് സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി. ഇത്തരത്തിലുള്ള ഭീഷണികൾ ഇന്ത്യയെ ബാധിക്കില്ലെന്നും, നിരുത്തരവാദപരമായ പ്രസ്താവനകളാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
അമേരിക്കൻ സന്ദർശനത്തിനിടെ ഫ്‌ളോറിഡയിൽ നടന്ന അത്താഴ വിരുന്നിലാണ് പാകിസ്ഥാൻ കരസേന മേധാവി അസിം മുനീർ വിവാദ പ്രസ്താവന നടത്തിയത്. സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിയാൻ കാത്തിരിക്കുകയാണെന്നും, പിന്നീട് പത്ത് മിസൈലുകൾ കൊണ്ട് അത് തകർക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ലെന്നും, പാകിസ്താനിൽ മിസൈൽ ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പാകിസ്താൻ ആണവ രാഷ്ട്രമാണ്. ഞങ്ങളുടെ നിലനിൽപിനെ ബാധിക്കുകയാണെങ്കിൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ല. പാകിസ്താൻ തകർന്നാൽ ലോകത്തിന്റെ പകുതിയേയും നമ്മൾ കൂട്ടിക്കൊണ്ടുപോകും” എന്നായിരുന്നു അസിം മുനീറിന്റെ മുന്നറിയിപ്പ്.
ഇത് അപലപനീയമാണെന്നും ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
Tag: Ministry of External Affairs gives a strong reply to Pakistan Army Chief; Such threats will not affect India