Editor's ChoiceinformationkeralaLatest News

ഇന്ന് ലോക ഗജദിനം; അറിയാം ആനവിശേഷം

ഇന്ന്, ഓഗസ്റ്റ് 12, ലോകമെമ്പാടും ലോക ഗജദിനമായി ആചരിക്കുന്നു. കരയിലെ ഏറ്റവും വലിയ ജീവിയായ ആനകളുടെ സംരക്ഷനവും അവരുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യവും ലോകത്താകമാനം ആളുകളിൽ എത്തിക്കുകയാണ് ഈ ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. കനേഡിയൻ സിനിമാ സംവിധായിക പട്രിഷ്യ സിംസും തായ്‌ലൻഡിലെ എലിഫന്റ് റീഇൻട്രൊഡക്ഷൻ ഫൗണ്ടേഷനും ചേർന്ന് 2012-ലാണ് ലോക ഗജദിനത്തിന്റെ ആശയം മുന്നോട്ടുവച്ചത്.

ഇന്ന് ഏഷ്യൻ, ആഫ്രിക്കൻ ആനകൾ നിരവധി ഭീഷണികൾ നേരിടുന്നു. അതിൽ പ്രധാനമായൊരു കാരണമാണ് ആനക്കൊമ്പ് കള്ളക്കടത്ത്. കൊമ്പിനായി നടക്കുന്ന വേട്ടയാടലാണ് ആനകളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ആനകളിലൊന്നായ സത്താവോ കൊമ്പിനായി വേട്ടയാടപ്പെട്ടത് അതിന്റെ തീക്ഷ്ണ ഉദാഹരണമാണ്. നിലവിൽ ലോകത്ത് ഏകദേശം 4 ലക്ഷം ആഫ്രിക്കൻ ആനകളും വെറും 40,000 ഏഷ്യൻ ആനകളും മാത്രമാണ് ശേഷിക്കുന്നത്. കൂടാതെ കാടുകളുടെ നാശം, ഖനനം, മനുഷ്യരുടെ കടന്നുകയറ്റം എന്നിവയും ആനകളുടെ ആവാസവ്യവസ്ഥയെ തകർത്ത് കളയുന്നു. ഇതിനകം ഏഷ്യൻ ആനകളുടെ 30–40% ആവാസവ്യവസ്ഥ ഇല്ലാതായിരിക്കുകയാണ്. ഇതുവഴി മനുഷ്യ–ആന സംഘർഷങ്ങൾ വർധിക്കുകയും, മനുഷ്യരും വന്യജീവികളും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും കാരണമാകുന്നു.

ശക്തിയും അതുല്യമായ കഴിവുകളും നിറഞ്ഞ ജീവിയാണ് ആന. നാല് കാലുകളുണ്ടെങ്കിലും ചാടാൻ കഴിയാത്ത ഏക സസ്തനിയാണ് ഇത്. എന്നാൽ മണിക്കൂറിൽ ഏകദേശം 25 മൈൽ വരെ ഓടാൻ കഴിയുന്നു. തുമ്പിക്കൈയ്യിൽ ഒൻപത് ലിറ്റർ വെള്ളം വരെ ശേഖരിക്കാൻ കഴിയുന്ന അതുല്യ ശേഷിയുള്ള അവയവമാണ്.

കരുത്തിനും പ്രത്യേകതകൾക്കും അപ്പുറം, ആനകൾ പ്രകൃതിയുടെ അനിവാര്യ ഘടകങ്ങളാണ്. ആവാസവ്യവസ്ഥയിലെ ജീവവൈവിധ്യത്തിന്റെയും പരിസ്ഥിതി സന്തുലിതാവസ്ഥയുടെയും നിലനിൽപ്പിൽ അവ നിർണായക പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ അവയെ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നത് അത്യാവശ്യമാണ്. ആനകളുടെ ഭാവി ഉറപ്പാക്കാൻ ലോകത്തിന്റെ കൂട്ടായ ശ്രമം അനിവാര്യമാണ്.

ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്നതാണ് തുമ്പിക്കൈ. കൊമ്പുകളായി വളരുന്നത് ഉളിപ്പല്ലുകളാണ്. ശരീരത്തിൽ ഏകദേശം 282 അസ്ഥികളാണ് ഇവയ്ക്കുള്ളത്. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ് 21 മുതൽ 22 മാസം വരെ, ശരാശരി 630 ദിവസം.

ഒരു വശത്തെ കാലുകൾ ഒരേസമയം മുമ്പോട്ടുവെച്ച് നടപ്പതാണ് ഇവയെ മറ്റ് ജീവികളിൽ നിന്ന് വേറിട്ടുനിർത്തുന്ന പ്രത്യേകത. മുൻകാലുകൾ “നട” എന്നും പിൻകാലുകൾ “അമരം” എന്നും അറിയപ്പെടുന്നു. പൂർണ വളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വെള്ളവും കഴിക്കും. കണ്ണിനടിയിലെ മദഗ്രന്ഥി വീർത്തുവരുമ്പോഴാണ് മദകാലം തുടങ്ങുന്നത്. ആനകൾ ദിവസം നാലുമണിക്കൂർ മാത്രം വിശ്രമിക്കും; പ്രത്യേകിച്ച് ആഫ്രിക്കൻ ആനകൾ പതിവായി കിടന്നുറങ്ങാറില്ല.

കാട്ടാനകൾ സാധാരണയായി മുപ്പത് വരെ അംഗങ്ങളുള്ള കൂട്ടമായി സഞ്ചരിക്കും. ഒറ്റയ്ക്കു നടക്കുന്ന ആനകളെ “ഒറ്റയാൻ” എന്നു വിളിക്കുന്നു, ഇവ സാധാരണയായി കൂടുതൽ ആക്രമണസ്വഭാവമുള്ളവരാണ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ ഓടാനും കഴിവുണ്ട്. ശരാശരി ആയുസ് ഏകദേശം 70 വർഷം.

ആഫ്രിക്കൻ ആനകളുടെ സവിശേഷതകളിൽ വലുതായ ചെവികൾ, നീളമേറിയ കൊമ്പുകൾ, പിൻകാലുകളേക്കാൾ നീളം കൂടിയ മുൻകാലുകൾ, പുറത്തേക്ക് വ്യക്തമായി കാണുന്ന കൊമ്പുകൾ, വലിയ കണ്ണുകൾ എന്നിവ ഉൾപ്പെടുന്നു. ഇവയ്ക്ക് സാധാരണയായി 19–24 അടി നീളവും 8–13 അടി ഉയരവും 3000–7000 കിലോഗ്രാം വരെ ഭാരം ഉണ്ടാകും.

കഴിഞ്ഞ നൂറ്റാണ്ടിൽ ആഫ്രിക്കൻ ആനകളുടെ എണ്ണം 1.2 കോടി മുതൽ വെറും 4 ലക്ഷമായി കുറഞ്ഞു—ഏകദേശം 62% ഇടിവ്. ആവാസവ്യവസ്ഥയുടെ നഷ്ടവും കൊമ്പുകൾക്കും തുകലിനുമായുള്ള വേട്ടയാടലും ഇതിന്റെ പ്രധാന കാരണങ്ങളാണ്.

Tag: Today is World Elephant Day; know the story of elephants

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button