കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിച്ചിരുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ
കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിച്ചിരുന്ന സഹോദരൻ പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തി. തലശേരി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. സഹോദരിമാരെ കൊലപ്പെടുത്തിയതിന് ശേഷം പ്രമോദിനെ കാണാതാകുകയും, അദ്ദേഹത്തിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റപ്പെടും എന്ന ഭയമാണ് പ്രമോദിനെ ഈ അതിക്രമത്തിലേക്ക് നയിച്ചതെന്നതാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം, സഹോദരിമാരായ ശ്രീജയയും പുഷ്പലളിതയും ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചേവായൂർ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെ മൃതദേഹം കണ്ടെത്തി. സംഭവദിവസം പുലർച്ചെ 5 മണിയോടെ, സഹോദരിമാരിൽ ഒരാൾ മരിച്ചു എന്ന് പ്രമോദ് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടു. തുടർന്നുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ, ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
Tag: Kozhikode sisters’ murder; Brother Pramod, suspected as the culprit, found dead