keralaKerala NewsLatest News

കന്യാസ്ത്രീകളുടെ അറസ്റ്റ്; ”ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുത്”- ഫാദർ ഫിലിപ്പ്

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശ്ശേരി ആർച്ച്‌ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേരള കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തി. എം.വി. ഗോവിന്ദന്റെ പ്രസ്താവന “വീണ്ടുവിചാരമില്ലാത്തത്” ആണെന്ന് ഫാദർ ഫിലിപ്പ് കവിയിൽ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ പാർട്ടി ഏറ്റവുമുയർന്ന പദവിയിൽ ഇരുന്ന നേതാക്കളെ പോലെ തന്നെ ഉത്തരവാദിത്വം പുലർത്തേണ്ടവനാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, പ്രസ്താവന പിൻവലിക്കണോ ഇല്ലയോ എന്നത് ഗോവിന്ദൻ തന്നെ തീരുമാനിക്കട്ടെയെന്നും, മൂന്നാം പിണറായി സർക്കാർ വരണോ എന്നു പാർട്ടി ആലോചിക്കണമെന്നും പറഞ്ഞു. ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുതെന്നുമാണ് ഫാദർ ഫിലിപ്പിൻ്റെ മുന്നറിയിപ്പ്.

തലശ്ശേരി ആർച്ച്‌ബിഷപ്പിനെതിരെ എം.വി. ഗോവിന്ദൻ ഉന്നയിച്ച വിമർശനം രൂക്ഷമായിരുന്നു. ബിഷപ്പ് അവസരവാദിയാണെന്ന് വിശേഷിപ്പിച്ച ഗോവിന്ദൻ, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ ബിജെപിക്കെതിരെ സംസാരിച്ച പാംപ്ലാനി, ജാമ്യം ലഭിച്ചതിന് ശേഷം അമിത് ഷായെ പ്രശംസിച്ചതായും ആരോപിച്ചു. ഇതോടെയാണ് കത്തോലിക്കാ കോൺഗ്രസിന്റെ ശക്തമായ പ്രതികരണം ഉയർന്നത്.

ഇതിന് മുമ്പും തലശ്ശേരി അതിരൂപത തന്നെ ഗോവിന്ദനെതിരെ രംഗത്തെത്തിയിരുന്നു. എം.വി. ഗോവിന്ദന്റെ പരാമർശം “ഫാസിസ്റ്റ് ശക്തികളുടെ ഭാഷ” ആണെന്ന് അവർ വിമർശിച്ചു. “എകെജി സെന്ററിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടത്?” എന്ന് അതിരൂപത ചോദ്യം ചെയ്തു. ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്ര ഇടപെടലിന് നന്ദി അറിയിച്ച നിലപാട് മാറ്റമില്ലെന്നും അവർ വ്യക്തമാക്കി.

ഡിവൈഎഫ്ഐയുടെ വിലകുറഞ്ഞ പ്രസ്താവനകൾക്ക് പിന്തുണ നൽകുന്നത് അപലപനീയമാണെന്നും, അവസരവാദിയെന്ന വിശേഷണം നൽകാൻ ഏറ്റവും യോഗ്യൻ ഗോവിന്ദൻ തന്നെയാണെന്നും അതിരൂപത ചൂണ്ടിക്കാട്ടി. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലാക്കരുതെന്നും, സ്വന്തം പാർട്ടിയെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്ന നിലപാടാണ് ഗോവിന്ദൻ സ്വീകരിക്കുന്നതെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.

Tag: Arrest of nuns; ”Govindan, don’t talk like Govindachamy” – Father Philip

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button