പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി; അടിവസ്ത്രത്തിലും ശുചിമുറിയിലും ഒളിപ്പിച്ച നിലയിൽ
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പിടികൂടി. തടവുപുള്ളിയുടെ അടിവസ്ത്രത്തിലും ശുചിമുറിയിലും നിന്നുമാണ് ഫോൺ കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇത് എട്ടാം തവണയാണ് ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പൂജപ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഗ കേസിലെ പ്രതി ഷഫീഖിന്റെ അടിവസ്ത്രത്തിൽ നിന്നാണ് ഒരു ഫോൺ ലഭിച്ചത്. മറ്റൊന്ന് ശുചിമുറിയിലെ ഡ്രെയിനേജ് സിസ്റ്റത്തിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. IMEI നമ്പർ വഴി ഉടമയെ കണ്ടെത്തും.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂജപ്പുര ജയിലിൽ നാല് തവണ കഞ്ചാവും പിടികൂടിയിരുന്നു. എന്നാൽ അത് ആരുടേതാണ്, ആരാണ് ഉപയോഗിച്ചത് എന്നീ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. 700 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 1,300 പേരാണ് പാർപ്പിച്ചിരിക്കുന്നത്.
Tag: Mobile phones seized from Poojappura Central Jail; hidden in underwear and toilet