ബിഹാറിൽ വോട്ടർ പട്ടികയിൽ 35 വയസുകാരിയായ മിന്‍ത ദേവിയുടെ പ്രായം 124; വിശദീകരണവുമായി ജില്ലാ കളക്ടർ
ബിഹാറിലെ സിവാൻ ജില്ലയിലെ വോട്ടർ പട്ടികയിൽ 35 വയസുകാരിയായ മിന്‍ത ദേവിയുടെ പ്രായം 124 വയസെന്നായി തെറ്റായി രേഖപ്പെടുത്തിയ സംഭവത്തിൽ ജില്ലാ കളക്ടർ വിശദീകരണം നൽകി. പ്രശ്നം പരിഹരിച്ചുവെന്നും കളക്ടർ വ്യക്തമാക്കി. അപേക്ഷ ശരിയായി സമർപ്പിച്ചിട്ടും തന്നെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്ന് മിന്‍ത ദേവി പ്രതികരിച്ചു.
വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ‘വോട്ട് ചോരി’ എന്ന പേരിലുള്ള പ്രസന്റേഷനോടെയാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചതായും മഹാരാഷ്ട്രയിലും ഹരിയാനയിലും ദുരൂഹ സംഭവങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്ത വോട്ടർമാരെക്കാൾ കൂടുതലിനെ വെറും അഞ്ചുമാസത്തിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിയാന, കർണാടക തെരഞ്ഞെടുപ്പ് തീയതി മാറ്റത്തിലും സംശയമുണ്ടെന്നും മഹാരാഷ്ട്രയിൽ വൈകുന്നേരം 5ന് ശേഷമാണ് പോളിങ് നിരക്ക് കുതിച്ചുയർന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ എത്തിയതായും സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റിയതായും അദ്ദേഹം വിമർശിച്ചു. 45 ദിവസം കഴിഞ്ഞാൽ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനെയും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു.
Tag; Bihar 35-year-old Minta Devi’s age is 124 in voter list; District Collector explains