keralaKerala NewsLatest News

പൊലീസ് കസ്റ്റഡിയിൽ എടുത്താൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം; ഹൈക്കോടതി

പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഹെെക്കോടതി. വ്യക്തിയെ കസ്റ്റഡിയിലെടുത്ത സമയം മുതലുള്ള 24 മണിക്കൂറിനുള്ളിലായിരിക്കണം ഇതെന്നും ഹെെക്കോടതി പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ സമയത്തു നിന്നല്ല സമയം കണക്കാക്കേണ്ടതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദേശിച്ചു.

ഒരു വ്യക്തിയെ കസ്റ്റഡിയിൽ എടുക്കുകയോ, സ്വാതന്ത്ര്യം നിയന്ത്രിക്കുകയോ ചെയ്യുന്ന നിമിഷം മുതലാണ് 24 മണിക്കൂർ സമയം ആരംഭിക്കേണ്ടത്. അന്വേഷണം നീട്ടാനായി അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയിൽ വയ്ക്കുന്ന പ്രവണത കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം രേഖപ്പെടുത്താത്ത കസ്റ്റഡി മനുഷ്യാവകാശ ലംഘനത്തിന് വഴിയൊരുക്കുന്നുവെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഭരണഘടനയിൽ വ്യക്തമാക്കിയിരിക്കുന്നതു പോലെ, പ്രതിയെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ അടുത്തുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. യാത്രാസമയം ഒഴികെ, മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ സമയപരിധിക്കപ്പുറം തടങ്കലിൽ വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് കേസിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മണ്ഡൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി ഈ നിർദ്ദേശം നൽകിയത്. 2025 ജനുവരി 25ന് ഉച്ചയ്ക്ക് 3 മണിക്ക് കസ്റ്റഡിയിൽ എടുത്ത പ്രതിയെ, ജനുവരി 26ന് ഉച്ചയ്ക്ക് 2 മണിക്ക് മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് അതേ ദിവസം രാത്രി 8 മണിയ്ക്കാണ്. ഇതോടെ പ്രതി നിയമപരമായ 24 മണിക്കൂർ കാലയളവിനപ്പുറം അനധികൃതമായി കസ്റ്റഡിയിൽ പാർപ്പിക്കപ്പെട്ടതായി കോടതി കണ്ടെത്തി. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും, ഏറ്റവും ഗുരുതരമായ കുറ്റവാളിക്കും നീതിപൂർവമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവിൽ എത്തിയത്.

Tag: If taken into police custody, the accused must be produced before a magistrate within 24 hours: High Court

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button