കെഎസ്ആർടിസി 164 പുതിയ ബസുകൾ; ദേശീയ പതാക തീമിൽ സീറ്റർ- സ്ലീപ്പർ മോഡലുകൾ, ഡിസെെൻ ചെയ്തത് മന്ത്രി ഗണേശ്കുമാറിന്റെ മകൻ
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ തുടങ്ങി 164 പുതിയ ബസുകൾ ഈ മാസം പുറത്തിറക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. ബസുകളുടെ പരീക്ഷണ ഓട്ടം ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാർ ഉദ്ഘാടനം ചെയ്തു. ദേശീയപതാകയുടെ കളർ തീമിൽ ഒരുക്കിയ സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകളിൽ പുഷ്ബാക് ലെതർ സീറ്റുകൾ, മൊബൈൽ ചാർജിങ് സൗകര്യം, എൽഇഡി ടിവി, വൈഫൈ, സിസിടിവി ക്യാമറകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ കവെൻട്രി സർവകലാശാലയിൽ ഓട്ടോമൊബീൽ ഡിസൈനിങ്, ട്രാൻസ്പോർട്ട് വിഷയങ്ങളിൽ പഠിച്ച മന്ത്രി ഗണേശ്കുമാറിന്റെ മകൻ ജി. ആദിത്യ കൃഷ്ണനും, തിരുവനന്തപുരം സ്വദേശി അമൽ ജോക്കിൻ സാലറ്റുമാണ് പുതിയ ബസുകളുടെ ഡിസൈൻ തയ്യാറാക്കിയത്. സീറ്റർ കം സ്ലീപ്പർ ബസുകളിൽ സീറ്റുകളുടെ മുകളിലായി ബെർത്തുകൾ ഒരുക്കിയിട്ടുണ്ട് — ഒരു വശത്ത് സിംഗിൾ ബെർത്തും മറുവശത്ത് ഡബിൾ ബെർത്തും. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് സർവീസുകൾക്കായി ടാറ്റ ബസുകളും, ബാക്കി മോഡലുകൾ അശോക് ലെയ്‌ലൻഡ് ബസുകളുമാണ്.
പുതിയ ബസുകൾ കനകക്കുന്നിൽ 22 മുതൽ 24 വരെ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കും. മന്ത്രി നിർദേശിച്ച മാറ്റങ്ങളോടെ 13.5 മീറ്റർ ഡീസൽ എസി സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, 10.5 മീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഇതിനകം തിരുവനന്തപുരം ആനറയ സ്വിഫ്റ്റ് ഡിപ്പോയിലെത്തി. വിവിധ ശ്രേണിയിലുള്ള 130 ബസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ 21ന് ഉദ്ഘാടനം ചെയ്യും. 49 സീറ്റുകളുള്ള ബസുകളിൽ വൈഫൈ, മൊബൈൽ ചാർജിങ് പോയിന്റുകൾ, എൽഇഡി ഡിസ്‌പ്ലേ ടിവി, അഞ്ച് സിസിടിവി ക്യാമറകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. അടുത്ത ആറു മാസത്തിനുള്ളിൽ 340-ലേറെ പുതിയ ബസുകൾ കൂടി കെഎസ്ആർടിസി നിരത്തിലിറക്കും.
Tag: KSRTC 164 new buses; Seater-sleeper models in national flag theme, designed by Minister Ganesh Kumar’s son