കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവം; കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപിയും ജോർജ് കുര്യനും
കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും കുടുംബത്തെ സന്ദർശിച്ച് ആശ്വാസം നൽകി. ആവശ്യമായ എല്ലാ നിയമസഹായവും നൽകുമെന്ന് സുരേഷ് ഗോപി ഉറപ്പുനൽകിയതായി യുവതിയുടെ സഹോദരൻ അറിയിച്ചു.
പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ റമീസിന്റെ മാതാപിതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്. മതം മാറ്റാൻ ലക്ഷ്യമിട്ട് ശാരീരികവും മാനസികവുമായ പീഡനം നടത്തിയെന്നതാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ അന്വേഷണം മുന്നോട്ട് പോകുന്നു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച ‘ലവ് ജിഹാദ്’ ആരോപണങ്ങളെക്കുറിച്ച് സുരേഷ് ഗോപി പ്രതികരിച്ചില്ല. പെൺകുട്ടി മർദ്ദനത്തിനിരയായ സമയത്ത് റമീസിന്റെ വീട്ടിൽ ഉണ്ടായിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ കുറിപ്പിൽ പരാമർശമുള്ള റമീസിന്റെ സുഹൃത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്, ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കാനും സാധ്യത.
റമീസിനെ കസ്റ്റഡിയിൽ കിട്ടിയതിന് ശേഷം വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്താനാണ് അന്വേഷണസംഘത്തിന്റെ പദ്ധതി. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം കൂടുതൽ കുറ്റവകുപ്പുകൾ ചേർക്കാനാണ് നീക്കം.
Tag: 23-year-old woman commits suicide in Kothamangalam; Suresh Gopi and George Kurien visit family