പാലിയേക്കര ടോൾ പിരിവ് ; ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
തൃശൂർ പാലിയേക്കര ടോൾപിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ദേശീയപാത അതോറിറ്റിയുടെ അപ്പീലിൽ സുപ്രീംകോടതി കടുത്ത വിമർശനം ഉന്നയിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പാലിയേക്കര വഴി താനും യാത്ര ചെയ്തിട്ടുണ്ടെന്നും, ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെ ടോൾ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ജനങ്ങളിൽ നിന്ന് പണം വാങ്ങി സേവനം നൽകാത്തതാണ് സംഭവിക്കുന്നതെന്നും, റോഡ് പണി പൂർത്തിയാക്കാതെ ടോൾ പിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അവിടുത്തെ സാഹചര്യം നേരിട്ട് അറിയാമെന്ന് പറഞ്ഞു.
റോഡ് നിർമാണത്തിലെ കാലതാമസം പരിഹരിക്കാനായി ഫെബ്രുവരി മുതൽ ഹൈക്കോടതി ഇടപെട്ടിരുന്നുവെങ്കിലും, അനുകൂല പ്രതികരണം ലഭിക്കാത്തതിനാലാണ് ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടതെന്ന് കോടതി വ്യക്തമാക്കി.
ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിനാലാണ് ഓഗസ്റ്റ് 6ന് ഹൈക്കോടതി പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞത്. സമയം അനുവദിച്ചിട്ടും ദേശീയപാത അതോറിറ്റി വീണ്ടും സമയം നീട്ടാൻ ശ്രമിച്ചതിനെ തുടർന്ന് ആയിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
Tag: Paliyekkara toll collection; Supreme Court strongly criticizes National Highways Authority