ബിഹാറിലെ തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയിൽ സുപ്രീംകോടതി നിർണായക ഉത്തരവുമായി. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഏകദേശം 65 ലക്ഷം പേരുടെ വിവരങ്ങൾ, ഒഴിവാക്കാനുള്ള കാരണങ്ങൾ സഹിതം, വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി നിർദേശിച്ചു. കമ്മിഷൻ ഇതിന് സമ്മതം അറിയിച്ചു. ബിഹാറിലെ എസ്ഐആർനെ ചോദ്യം ചെയ്ത ഹർജികളിലാണ് ഉത്തരവ്.
മുമ്പ് വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരുന്നെങ്കിലും തീവ്ര പുനഃപരിശോധനയ്ക്കുശേഷമുള്ള കരട് പട്ടികയിൽ ഉൾപ്പെടാത്ത 65 ലക്ഷം പേരുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കണം. ഓരോ ജില്ലാ ഇലക്ടറൽ ഓഫീസിന്റെയും വെബ്‌സൈറ്റിൽ ഈ വിവരങ്ങൾ ബൂത്ത് അടിസ്ഥാനത്തിൽ ലഭ്യമാകണം. EPIC നമ്പർ ഉപയോഗിച്ച് വിവരങ്ങൾ പരിശോധിക്കാനും സാധിക്കണം.
മരണം, താമസം മാറൽ, ഇരട്ട രജിസ്ട്രേഷൻ തുടങ്ങിയ കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തണമെന്നാണ് കോടതിയുടെ നിർദേശം. ഒഴിവാക്കിയവർ അന്തിമ പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ അവരുടെ ആധാർ കാർഡും പരിഗണിക്കുമെന്ന് പൊതു അറിയിപ്പിൽ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
പട്ടിക പ്രദർശിപ്പിക്കുന്നതിനെക്കുറിച്ച് വ്യാപക പ്രചാരണം നൽകണം. ബിഹാറിലെ ജനപ്രിയ പത്രങ്ങളിൽ പരസ്യം നൽകുകയും, ദൂരദർശനിലും റേഡിയോ ചാനലുകളിലും ഇത് പ്രക്ഷേപണം ചെയ്യുകയും വേണം. ജില്ലാ ഇലക്ടറൽ ഓഫീസർമാർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അവ വഴിയും അറിയിപ്പുകൾ പ്രചരിപ്പിക്കണം.
കൂടാതെ, ഓരോ ബൂത്ത് ലെവൽ ഓഫീസറും പട്ടികകൾ പഞ്ചായത്തോഫീസുകളിലെ നോട്ടീസ് ബോർഡിൽ കാരണങ്ങൾ സഹിതം പ്രദർശിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
Tag: Bihar’s rigorous voter list revision, Supreme Court orders that details of those excluded, along with reasons, be published on the website