ഇന്ന് ഇതുവരെയുള്ള വാർത്തകൾ നോക്കാം; ന്യൂസ് അപ്ഡേറ്റ്സ്

ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.
അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി എംആർ അജിത്ത് കുമാറിന് തിരിച്ചടി, കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി തള്ളി, തിരുവനന്തപുരം വിജിലൻസ് കോടതിയാണ് റിപ്പോർട്ട് തള്ളിയത്.
വോട്ടർ പട്ടിക ക്രമക്കേട് വ്യാപകമെന്ന് പരാതി. തൃശൂരിനു പുറമേ എറണാകുളത്തും കാസർഗോഡും സമാനസംഭവം. തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് സുരേഷ് ഗോപിയുടെ അറിവോടെയെന്ന് വിനോയ് വിശ്വം.
കൊല്ലത്ത് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ പൊലീസ് കണ്ടെത്തി. നാല് പ്രതികളെയും പിടികൂടിയതായി വിവരം. ഇവരെ മലപ്പുറം പാണ്ടിക്കാട് എത്തിക്കും. ഷമീറിന് പരുക്കുകളൊന്നുമില്ല, പ്രതികള്‍ ചാവക്കാട് സ്വദേശികളാണെന്നാണു പ്രാഥമിക വിവരം.
കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ആലുവയിലെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോൾ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്ത ശേഷം റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും. മാതാപിതാക്കൾ ഒളിവിലാണ്.
ആലപ്പുഴ ചേർത്തലയിലെ ജെയ്നമ്മ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. പ്രതി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടേതാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. സെബാസ്റ്റ്യൻ പണയം വച്ചതും വിറ്റതുമായ സ്വർണാഭരണങ്ങളും ജെയ്നമ്മയുടേത് തന്നെയാണെന്ന് ഉറപ്പിച്ചിച്ചു.
കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പത്തു പേരടങ്ങിയ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക സുപ്രീം കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും.
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വിദ്യാർഥിക്ക് പ്രതികാര നടപടി. സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ച് ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി. വൈകി വന്നതിനാൽ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച ശേഷമായിരുന്നു ഒറ്റയ്ക്ക് മുറിയിൽ ഇരുത്തിയത്. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടിയെ ടി സി തന്ന് പറഞ്ഞു വിടുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞുവെന്നും രക്ഷിതാക്കൾ.
സ്വാതന്ത്യദിനാഘോഷത്തിനൊരുങ്ങി രാജ്യം, തലസ്ഥാനത്ത് കനത്ത സുരക്ഷ. ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്.
രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശന് കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ ഒട്ടേറെ പാലങ്ങള്‍ ഒലിച്ചുപോയി. രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു. സത്ലജ് നദിക്കു കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോർട്ട്.
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു.