keralaKerala NewsLatest News

വൈകിയെത്തിയ വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ അടച്ചു, ഗ്രൗണ്ടിൽ ഓടിപ്പിച്ചതായും പരാതി; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

തൃക്കാക്കരയിലെ കൊച്ചിൻ പബ്ലിക് സ്കൂളിനെതിരെ, വൈകിയെത്തിയ വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ അടച്ചതായി പരാതി. അഞ്ചാം ക്ലാസുകാരനായ വിദ്യാർത്ഥിയെ, വൈകിയെത്തിയതിനാൽ ആദ്യം വെയിലത്ത് ഗ്രൗണ്ടിൽ ഓടിപ്പിച്ചതിനുശേഷം, ഒറ്റയ്ക്ക് ഇരുട്ടുമുറിയിൽ ഇരുത്തിയെന്നതാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ രക്ഷിതാക്കളോട് സ്കൂൾ അധികൃതർ മോശമായി പെരുമാറിയതായും, കുട്ടിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) നൽകി വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കൾ ആരോപിച്ചു. പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കളും ബന്ധുക്കളും സ്കൂൾ അധികൃതരുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്തു. പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

സംഭവത്തിൽ സ്കൂൾ അധികൃതർ പറയുന്നത്, കുട്ടിയെ ഓടിച്ചത് വ്യായാമത്തിന്റെ ഭാഗമായിരുന്നുവെന്നും, ഇരുട്ടുമുറി വിഷയത്തിൽ ആരോപണം തെറ്റിദ്ധാരണയാണെന്നുമാണ്.

ഇതിനിടെ, വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഒരു സ്കൂളിലും കുട്ടികൾക്കെതിരായ വിവേചനപരമായ നടപടികൾ ഒരിക്കലും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചു.

കുട്ടി വൈകിയെത്തിയാൽ ഇനി വൈകിയെത്തരുത് എന്ന് ഉപദേശിക്കാം. എന്നാൽ, കുട്ടിയുടെ മാനസികാവസ്ഥയെ ബാധിക്കുന്ന തരത്തിൽ ഇരുട്ടുമുറിയിൽ അടയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അധ്യാപകനോ മാനേജ്മെന്റോ ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ അവകാശവുമില്ല,” എന്നും മന്ത്രി പോസ്റ്റിൽ എഴുതി.

പ്രാഥമിക വിവരം അനുസരിച്ച് സംഭവം സ്റ്റേറ്റ് സിലബസ് സ്കൂളിൽ സംഭവിച്ചതല്ല. ഇത്തരം സംഭവങ്ങൾ കുറയാൻ സർക്കാരിന്റെ ശക്തമായ ഇടപെടലും, അധ്യാപക പരിശീലനത്തിലെ കുറവ് പരിഹരിക്കുന്ന നടപടികളും നിർണായകമാണെന്നും, മറ്റ് പാഠ്യപദ്ധതികളിലുള്ള അധ്യാപകർക്കും നിർബന്ധിത പരിശീലനം നടപ്പാക്കുന്നതിനെ സർക്കാർ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tag: A student who arrived late was locked in a dark room and made to run around the grounds, the Education Department announced an investigation.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button