ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനം; മരണസംഖ്യ 50 ആയി
ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ചോസിതി പ്രദേശത്ത് ഉണ്ടായ മേഘവിസ്‌ഫോടനവും അതിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉർന്നു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 200-ലധികം പേരെ കാണാതായതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സുരക്ഷാസേന, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. എന്നാല്‍, പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. ദുരന്തത്തെ തുടർന്ന് യുഎഇ അനുശോചനം രേഖപ്പെടുത്തി. “ഇന്ത്യയ്‌ക്കൊപ്പമാണെന്ന്” യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക്, കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള പാതയുടെ ആരംഭ ഭാഗത്താണ് മേഘവിസ്‌ഫോടനവും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും ഉണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും തീർത്ഥാടകരാണെന്നാണ് ലഭ്യമായ വിവരം. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ചോസിതിയിലെ മേഘവിസ്‌ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാകാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. “സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തന സംഘം ഉടന്‍ തന്നെ എത്തി. മെഡിക്കല്‍ വിദഗ്ധരും സ്ഥലത്തേക്ക് പോയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തി ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും” – അദ്ദേഹം എക്സില്‍ കുറിച്ചു.
Tag: Cloudburst in Kishtwar, Jammu and Kashmir; Death toll rises to 50