Gulfindia

കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയും; മരിച്ചവരുടെ എണ്ണം 13 ആയി

കുവൈത്തിൽ നടന്ന വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ ഇരിണാവിലെ 31കാരനായ പൊങ്കാരൻ സച്ചിൻ മരണപ്പെട്ടു. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്തിരുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിലെത്തി തിരിച്ചുപോയത്. മരണപ്പെട്ട പ്രവാസികളിൽ മലയാളികൾ ഉൾപ്പെടെ 13 പേരാണെന്ന് സ്ഥിരീകരിച്ചു.

സംഭവത്തിൽ നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുകയാണ്. ചികിത്സ തേടിയ 63 പേരിൽ 21 പേർക്കും കാഴ്ച നഷ്ടമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചിലരുടെ വൃക്കയുടെ പ്രവർത്തനം നിലച്ചതായും വിവരം.

വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യത്തിൽ മെഥനോൾ കലർന്നതാണ് അപകടത്തിന് കാരണം എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് 4-ൽ നിന്നാണ് മദ്യം വാങ്ങിയത്. മലയാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശവുമാണിത്. മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഞ്ച് മലയാളികൾ, നാല് തമിഴ്നാട് സ്വദേശികൾ, രണ്ട് ആന്ധ്രാപ്രദേശുകാർ, ഒരാൾ ഉത്തരപ്രദേശ് സ്വദേശി എന്നിവരാണ് മരണപ്പെട്ടത്. കുവൈത്തിലെ ഇന്ത്യൻ എംബസി ആശുപത്രികളിൽ നിന്ന് വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടിലുള്ളവർക്ക് ബന്ധപ്പെടാനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.

സച്ചിന്റെ മൃതദേഹം നാളെ പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് രാവിലെ വീട്ടിലെത്തിച്ച് സംസ്കാരം നടത്തും. ഇരിണാവ് സി.ആർ.സി.ക്ക് സമീപം താമസിക്കുന്ന പൊങ്കാരൻ മോഹനന്റേയും ഗിരിജയുടേയും മകനാണ് സച്ചിൻ. ഭാര്യ ഷിബിന, മകൾ സിയ.

Tag: A Kannur native also died in the fake liquor tragedy in Kuwait; the death toll has reached 13

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button