ഈ വർഷത്തെ നാവികസേന ദിനാഘോഷത്തിന് ശംഖുമുഖം വേദിയാകും
ഈ വർഷത്തെ നാവികസേന ദിനാഘോഷം തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 4-ന് ശംഖുമുഖം വേദിയാകും. ചടങ്ങിൽ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ മുഖ്യാതിഥിയായിരിക്കും. സേനയുടെ ആയുധ ശക്തിയും പ്രതിരോധ ശേഷിയും പ്രദർശിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷകമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനാണ് സാധ്യത. തിരുവനന്തപുരം നഗരം ഇതുവരെ ആതിഥ്യം വഹിച്ച ഏറ്റവും വലിയ നാവികസേനാ പരിപാടിയാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പടക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ, മറ്റു സന്നാഹങ്ങൾ എന്നിവ നഗരത്തിലെത്തും. ചടങ്ങിന് മുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലന പറക്കലുകളും അരങ്ങേറും.
ഡൽഹിയിൽ സ്ഥിരമായി നടത്തിയിരുന്ന സേനാദിനാഘോഷം 2022 മുതൽ മറ്റു നഗരങ്ങളിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. വിശാഖപട്ടണം (2022), മഹാരാഷ്ട്രയിലെ സിന്ധുദുർഗ് (2023), ഒഡീഷയിലെ പുരി (2024) എന്നിവിടങ്ങളിലാണ് ഇതിനകം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് നാവികസേനയുടെ സന്നാഹങ്ങൾ നേരിൽ കാണാൻ അവസരം നൽകുന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം.
Tag; Sankhumukham will be the venue for this year’s Navy Day celebrations