സെപ്റ്റംബർ 9-ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഓഗസ്റ്റ് 19 ചൊവ്വാഴ്ച പ്രഖ്യാപിക്കും. മുംബൈയിൽ അജിത് അഗാർക്കറുടെ അധ്യക്ഷതയിൽ ചേരുന്ന സെലക്ഷൻ കമ്മിറ്റിയാണ് സ്ക്വാഡ് അന്തിമമാക്കുക. യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലൂടെയാണ് പ്രഖ്യാപനം. സൂര്യകുമാർ യാദവ് ടീമിനെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തിളങ്ങിയ ശുഭ്മാൻ ഗിൽ വൈസ്-ക്യാപ്റ്റനായേക്കും.
ഓപ്പണിംഗിൽ ശുഭ്മാൻ ഗില്ലിനൊപ്പം അഭിഷേക് ശർമയെ പരിഗണിച്ചാൽ മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകൾക്ക് ആഘാതമുണ്ടാകാം. എന്നാൽ സഞ്ജുവിനെ ഒന്നാം വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്താൽ ജിതേഷ് ശർമ്മയെയും ധ്രുവ് ജുറലിനെയും രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി വിലയിരുത്തും. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മൂന്നിൽ മാത്രം കളിച്ച ജസ്പ്രിത് ബുംറ ഏഷ്യാ കപ്പിൽ തിരിച്ചെത്തുമെന്ന് സൂചന.
അതേസമയം, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ എന്നിവർ ഇത്തവണത്തെ സ്ക്വാഡിൽ ഉൾപ്പെടില്ലെന്നാണ് റിപ്പോർട്ടുകൾ. യശസ്വിയോട് റെഡ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദേശം നൽകിയതെന്നാണ് വിവരം.
2025 ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരം സെപ്റ്റംബർ 9-ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ്. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ 10-ന് യുഎഇക്കെതിരെ നടക്കും. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്ഥാൻ പോരാട്ടം സെപ്റ്റംബർ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും. എന്നാൽ പഹൽഗാം ഭീകരാക്രമണം ചൂണ്ടിക്കാട്ടി മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന അഭിപ്രായങ്ങളും ഉയർന്നുവരുന്നുണ്ട്.
Tag; India’s team for Asia Cup to be announced on Tuesday; Suryakumar Yadav to lead the team, reports say