ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ വ്യോമാക്രമണത്തിൽ സൈനികർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടുവെന്ന് പാക് അധികാരികൾ
ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യൻ വ്യോമാക്രമണത്തിൽ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതായി പാകിസ്ഥാൻ ആദ്യമായി സമ്മതിച്ചു. മെയ് 9നും 10നും നടന്ന ആക്രമണങ്ങളിൽ 13 സൈനികർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടുവെന്ന് പാക് അധികാരികളുടെ വെളിപ്പെടുത്തലാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഈ ഏറ്റുപറച്ചിൽ, ഓപ്പറേഷൻ സിന്ദൂറിന് മൂന്ന് മാസം കഴിഞ്ഞാണ് പുറത്തുവന്നത്. പാക് പ്രസിഡന്റ് ഹൗസിൽ നടന്ന വാർഷിക അവാർഡ് ദാനച്ചടങ്ങിലാണ് വിവരങ്ങൾ പുറത്തായത്. ഓഗസ്റ്റ് 14-ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട സൈനികർക്കുള്ള മരണാനന്തര ബഹുമതികൾ കൈമാറി. സ്‌ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ഹവൽദാർ മുഹമ്മദ് നവീദ്, നായിക് വഖാർ ഖാലിദ്, ലാൻസ് നായിക് ദിലാവർ ഖാൻ, നായിക് അബ്ദുൽ റഹ്‌മാൻ, ലാൻസ് നായിക് ഇക്രമുള്ള, സിപോയ് അദീൽ അക്ബർ എന്നിവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
ഏപ്രിൽ 22-ന് ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. അതിന് പ്രതികാരമായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് തീവ്രവാദ ക്യാമ്പുകളെയാണ് ഇന്ത്യൻ വ്യോമസേന ലക്ഷ്യമിട്ടത്. ഇന്ത്യയുടെ വിവരമനുസരിച്ച്, ഇതിൽ നൂറിലധികം ഭീകരരെ വധിച്ചിരുന്നു. എന്നാൽ, ഇതുവരെ പാകിസ്ഥാൻ അത് അംഗീകരിച്ചിരുന്നില്ല.
Tag: Operation Sindoor: 50 people, including soldiers, killed in Indian airstrike, says Pakistani authorities