indiainternational newsLatest NewsSports

റിഷഭ് പന്തിന് പരിക്ക്;നിര്‍ണായക നിയമമാറ്റം പ്രഖ്യാപിച്ച് ബിസിസിഐ

റിഷഭ് പന്തിന് പരിക്കേറ്റ് പുറത്തായ പശ്ചാത്തലത്തില്‍ ആഭ്യന്തര ക്രിക്കറ്റിലും നിര്‍ണായക നിയമമാറ്റം പ്രഖ്യാപിച്ച് ബിസിസിഐ.

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പന്തുകൊണ്ട് കാല്‍പ്പാദത്തിന് പരിക്കേറ്റ് പുറത്തായ പശ്ചാത്തലത്തില്‍ ആഭ്യന്തര ക്രിക്കറ്റിലും നിര്‍ണായക നിയമമാറ്റം പ്രഖ്യാപിച്ച് ബിസിസിഐ. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ കളിക്കാര്‍ക്ക് കളിക്കിടെ ഗുരുതരമായി പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ പകരം കളിക്കാരെ ഇറക്കാന്‍ അനുവദിക്കുമെന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

വരാനിരിക്കുന്ന രഞ്ജി ട്രോഫി, ദുലീപ് ട്രോഫി ടൂര്‍ണമെന്‍റുകളില്‍ പുതിയ നിയമം നടപ്പിലാവും. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാന അസോസിയേഷനുകള്‍ക്കും അമ്പയര്‍മാര്‍ക്കും ബിസിസിഐ നിര്‍ദേശം നല്‍കി.കളിക്കിടയിലോ കളി നടക്കുന്ന ഗ്രൗണ്ടിലോ വെച്ചുണ്ടാകുന്ന ഗുരുതര പരിക്കുകള്‍ക്ക് മാത്രമായിരിക്കും പകരം കളിക്കാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താൻ അനുമതിയുണ്ടാകുക.

പരിക്കേറ്റ കളിക്കാരന് സമനമായ കളിക്കാരനെയായിരിക്കും ഇത്തരത്തില്‍ ടീമുകള്‍ക്ക് കളിപ്പിക്കാന്‍ കഴിയുക. ബൗളര്‍ക്ക് പരിക്കേറ്റാല്‍ ബൗളറെയും ബാറ്റര്‍ക്ക് പരിക്കേറ്റാല്‍ ബാറ്ററെയും വിക്കറ്റ് കീപ്പര്‍ക്ക് പരിക്കേറ്റാല്‍ വിക്കറ്റ് കീപ്പറെയും ഇത്തരത്തില്‍ പ്ലേയിംഗ് ഇലവനില്‍ പകരം ഉള്‍പ്പെടുത്താനാവും. ഇവര്‍ക്ക് പരിക്കേറ്റ് പുറത്തായ കളിക്കാരനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാകും.

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പ്പാദത്തില്‍ കൊണ്ട് ഗുരുതര പരിക്കേറ്റിരുന്നു. രണ്ടാം ദിനം വേദനമൂലം നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടിയിട്ടും ക്രീസിലിറങ്ങിയ റിഷഭ് പന്ത് വിക്കറ്റ് കീപ്പ് ചെയ്തിരുന്നില്ല. ധ്രുവ് ജുറെലാണ് പകരക്കാരനായി വിക്കറ്റ് കീപ്പറായത്. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സെഞ്ചുറിയുമായി ഇന്ത്യക്ക് സമനില സമ്മാനിച്ചതോടെ രണ്ടാം ഇന്നിംഗ്സില്‍ പന്തിന് ബാറ്റിംഗിനിറങ്ങേണ്ടിവന്നില്ല.

മത്സരത്തിനുശേഷം ഗുരുതര പരിക്കേല്‍ക്കുന്ന കളിക്കാര്‍ക്ക് പകരം കളിക്കാരെ ഇറക്കാന്‍ അനുവദിക്കുന്ന തരത്തില്‍ ഐസിസി നിയമം മാറ്റണമെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍. തൊട്ടുപിന്നാലെ നടന്ന അഞ്ചാം ടെസ്റ്റിന്‍റെ ആദ്യദിനം ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിന് ഫീല്‍ഡിംഗിനിടെ വീണ് പരിക്കേല്‍ക്കുകയും ബൗള്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ തോളുമായി രണ്ടാം ഇന്നിംഗ്സില്‍ വോക്സ് ബാറ്റിംഗിനിറങ്ങിയെങ്കിലും ഇന്ത്യൻ ജയം തടയാനായിരുന്നില്ല. ഗംഭീറിന്‍റെ ആശയത്തെ എതിർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് രംഗത്തെത്തിയിരുന്നു. ടീമുകള്‍ ഇത് ദുരുപയോഗം ചെയ്യുമെന്നായിരുന്നു സ്റ്റോക്സിന്‍റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button