ട്രംപ്– സെലൻസ്കി കൂടിക്കാഴ്ച; ത്രികക്ഷി സമ്മേളനത്തിന് സാധ്യത
ലോകത്തിന്റെ ശ്രദ്ധ നേടിയ ട്രംപ്– സെലൻസ്കി ഉച്ചകോടിയിൽ പ്രതീക്ഷിച്ചിരുന്ന സമാധാന പ്രഖ്യാപനം ഉണ്ടായില്ല. വൈറ്റ് ഹൗസിൽ നടന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച വൻ പ്രഖ്യാപനങ്ങളില്ലാതെ അവസാനിച്ചു. വെടിനിർത്തൽ അടക്കമുള്ള തീരുമാനങ്ങൾ ഒന്നും പുറത്തുവന്നില്ലെങ്കിലും, ഭാവിയിൽ യുക്രെയ്‌നിന് സുരക്ഷാ ഉറപ്പ് നൽകുന്നതിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചേർന്ന് സഹകരിക്കുമെന്ന് ധാരണയായി.
ഭൂമിശാസ്ത്രപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിനായി സെലൻസ്കി–പുടിൻ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുക്കം നടക്കുമെന്നും വേദി പിന്നീട് തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. തുടർന്ന്, വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ അമേരിക്ക–റഷ്യ–യുക്രെയ്ൻ ത്രികക്ഷി സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനം. ചർച്ചകളുടെ ഇടയിൽ ട്രംപ് 40 മിനിറ്റോളം പുടിനുമായി ടെലിഫോണിൽ സംസാരിച്ചു. എന്നാൽ, റഷ്യയെ സമ്മർദ്ദത്തിലാക്കുന്നതിന് ആദ്യം വെടിനിർത്തൽ ഉറപ്പാക്കണം എന്നാണ് യോഗത്തിൽ ജർമ്മനിയും ഫ്രാൻസും ആവശ്യപ്പെട്ടത്.
ചർച്ചകൾ ഫലപ്രദമായി അവസാനിച്ചതായി ട്രംപ് വിലയിരുത്തി. സമാധാന ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തി സെലൻസ്കിയും പ്രതികരിച്ചു. കൂടിക്കാഴ്ച സമാധാനത്തിലേക്കുള്ള ഒരു നിർണായക ചുവടുവെപ്പ് ആണെന്ന് യൂറോപ്യൻ നേതാക്കൾ അഭിപ്രായപ്പെട്ടു.
Tag: Trump-Zelensky meeting; possibility of a trilateral meeting