”ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സുഗമമായി മുന്നോട്ട് പോകാൻ ഇരുഭാഗത്തു നിന്നും ആത്മാർഥവും ക്രിയാത്മകവുമായ സമീപനം ആവശ്യമാണ്”- വിദേശകാര്യ മന്ത്രി
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സുഗമമായി മുന്നോട്ട് പോകാൻ ഇരുഭാഗത്തു നിന്നും ആത്മാർഥവും ക്രിയാത്മകവുമായ സമീപനം ആവശ്യമാണെന്ന വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം പ്രതികരിച്ചത്. അമേരിക്ക ഇന്ത്യയ്‌ക്കെതിരെ താരിഫ് കടുപ്പിച്ച സാഹചര്യത്തിലാണ് വാങ് യിയുടെ ഇന്ത്യയിലെത്തിയത്.
ഇന്നലെ ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ വാങ് യി, ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് മൂലം ആഗോള വ്യാപാരരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടപ്പോൾ, ഇരു ശക്തികളും ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ്. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഒരു നാഴികക്കല്ലാണ് എന്നും ജയശങ്കർ വിലയിരുത്തി.
“ഒരു ദുഷ്കരമായ കാലഘട്ടത്തിനു ശേഷം ഇന്ത്യയും ചൈനയും വീണ്ടും സഹകരിച്ച് മുന്നേറാൻ ശ്രമിക്കുന്നു. അതിന് ആത്മാർത്ഥത, ക്രിയാത്മകത, പരസ്പര ബഹുമാനം, സംവേദനക്ഷമത, പരസ്പര താൽപ്പര്യങ്ങളുടെ പരിഗണന എന്നീ ഘടകങ്ങൾ അനിവാര്യമാണ്. വ്യത്യാസങ്ങൾ ഒരിക്കലും തർക്കങ്ങളിലേക്കോ സംഘർഷങ്ങളിലേക്കോ മാറാൻ പാടില്ല,” എന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക-വ്യാപാര മേഖല, തീർഥാടനങ്ങൾ, ജനങ്ങൾ തമ്മിലുള്ള ഇടപെടൽ, നദി വിവര കൈമാറ്റം, അതിർത്തി വ്യാപാരം, കണക്റ്റിവിറ്റി, ഉഭയകക്ഷി വിനിമയങ്ങൾ എന്നിവയും ചർച്ചകളുടെ ഭാഗമാകുമെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു. അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്ന പ്രക്രിയ തുടർന്നുപോകണമെന്നും, ഇന്ത്യ-ചൈന ബന്ധം ഭാവിയിൽ കൂടുതൽ സുസ്ഥിരവും സഹകരണപരവുമായ രീതിയിൽ വളരണമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിന് ശേഷം വാങ് യിയും പ്രതികരിച്ചു. “ലോകം ഇപ്പോൾ നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന തരത്തിലുള്ള വലിയ പരിവർത്തനത്തിന്റെ സാക്ഷിയാണ്. ഏകപക്ഷീയ ഭീഷണികൾ വ്യാപകമാണ്, സ്വതന്ത്ര വ്യാപാരവും അന്താരാഷ്ട്ര ക്രമവും ഗുരുതര വെല്ലുവിളികൾ നേരിടുന്നു,” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാൽവാൻ സംഘർഷത്തിന് ശേഷം അഞ്ചു വർഷത്തിനിടയിൽ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംഭാഷണം. അമേരിക്കയുടെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിനായുള്ള വഴികൾ അന്വേഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈന സന്ദർശിക്കും എന്നത് പ്രത്യേക പ്രാധാന്യമർഹിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
Tag: For India-China relations to move forward smoothly, a sincere and constructive approach from both sides is required,” said the Foreign Minister