എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണൻ; ഐക്യകണ്‌ഠ്യേന തിരഞ്ഞെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണനെ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുക്കാന്‍ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ കക്ഷി നേതാക്കള്‍ക്ക് പ്രധാനമന്ത്രി മോദി സി.പി. രാധാകൃഷ്ണനെ പരിചയപ്പെടുത്തിയതായും റിജിജു പറഞ്ഞു.
‘സി.പി.രാധാകൃഷ്ണനെ പ്രധാനമന്ത്രി പരിചയപ്പെടുത്തി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് എന്‍ഡിഎ തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ മുഴുവന്‍ പാര്‍ട്ടികളും, പ്രത്യേകിച്ച് പ്രതിപക്ഷവും ഉള്‍പ്പെടെ എല്ലാ എംപിമാരും ഒത്തുചേര്‍ന്ന് ഐകകണ്‌ഠ്യേന പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’ റിജിജു പറഞ്ഞു. സമാവയത്തിനായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും റിജിജു പറഞ്ഞു.
രാജ്നാഥ് സിംഗ് എല്ലാവരുമായും സംസാരിക്കുന്നുണ്ട്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നാമെല്ലാവരും ഒരുമിച്ച് രാധാകൃഷ്ണനെ ഐക്യകണ്‌ഠ്യേന പിന്തുണയ്ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിനും രാജ്യത്തിനും രാജ്യസഭയുടെ നടത്തിപ്പിനും വളരെ പ്രയോജനകരമാകും’ റിജിജു പറഞ്ഞു. വിവാദങ്ങളിലോ അഴിമതി ആരോപണങ്ങളിലോ അകപ്പെടാത്ത നേതാവാണ് സി.പി.രാധാകൃഷ്‌ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സി.പി. രാധാകൃഷ്ണന്‍ വളരെ നല്ലൊരു ഒപ്ഷനാണ്. എല്ലാവരും ഇത് അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ വിവാദങ്ങളില്ല, അഴിമതിയില്ല, കളങ്കങ്ങളില്ല; അദ്ദേഹം വളരെ ലളിതമായ ജീവിതം നയിക്കുകയും സമൂഹത്തിനും രാജ്യത്തിനും വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെയൊരാള്‍ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായാല്‍ അത് രാജ്യത്തിന് വലിയ സന്തോഷം നല്‍കുന്ന കാര്യമായിരിക്കും’ റിജിജു പറഞ്ഞു. രാധാകൃഷ്ണന്‍ ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tag: NDAs Vice Presidential candidate C.P. Radhakrishnan; PM urges unanimous election