അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; 17 കുട്ടികളുൾപ്പെടെ 76 പേർ മരിച്ചു
അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ബസ് അപകടത്തിൽ 17 കുട്ടികളുൾപ്പെടെ 76 പേർ മരിച്ചു. ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ടവരെ കാബൂളിലേക്കു കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.
ഹെറാത്ത് പ്രവിശ്യയിൽ ബസ് ഒരു ട്രക്കിനെയും മോട്ടോർസൈക്കിളിനെയും ഇടിച്ചതിനുശേഷം പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ബസിൽ ഉണ്ടായിരുന്നവരിൽ ഒരാളും രക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മറ്റ് വാഹനങ്ങളിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചതായി താലിബാൻ ഉദ്യോഗസ്ഥർ അറിയിച്ചു.
അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമെന്നാണ് ഹെറാത്ത് പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി വ്യക്തമാക്കിയത്. അപകടത്തിൽപ്പെട്ടവർ എല്ലാവരും ഇറാൻ അതിർത്തിയിലെ ഇസ്ലാം ക്വാല പട്ടണത്തിൽ നിന്ന് കയറിയ അഫ്ഗാൻ കുടിയേറ്റക്കാരാണെന്നും അധികൃതർ അറിയിച്ചു. ഹെറാത്തിലെ താലിബാൻ ഇൻഫർമേഷൻ ആൻഡ് കല്ചർ ഡയറക്ടർ അഹ്‌മദുള്ള മൊട്ടാഖി മരണം സ്ഥിരീകരിച്ചു.
Tag: Bus accident in Afghanistan; 76 people including 17 children killed