”കാലിക്കറ്റ് സർവകലാശാല മലയാളം സിലബസിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മാത്രം”; പരാതിയുമായി സിൻഡിക്കേറ്റ് അംഗം
കാലിക്കറ്റ് സർവകലാശാലയിലെ ബി.എ. മലയാളം ഡിഗ്രി മൾട്ടിഡിസിപ്ലിനറി കോഴ്‌സിന്റെ പുതിയ സിലബസിനെതിരെ വിവാദം. ഭാഷക്കും സാഹിത്യത്തിനും പ്രാധാന്യം ഇല്ലാതെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നത് എന്നതാണ് പരാതി. സിലബസിൽ ഭൂപരിഷ്‌കരണം, ജന്മിത്വം, കർഷക സമരങ്ങൾ തുടങ്ങിയ അധ്യായങ്ങളാണ് പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ ഇടതു സർക്കാരുകളുടെ മേന്മകൾ പ്രചരിപ്പിക്കുന്നവയാണെന്ന് പരാതിയിൽ പറയുന്നു.
സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് നൽകിയ പരാതിയിൽ, “ബി.എ. മലയാളം ഡിഗ്രി സിലബസിൽ മാർക്‌സിസ്റ്റ്/കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ബോധപൂർവ്വം ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിന്റെ വികസന മാതൃകകളിൽ ഇടതുപക്ഷ സർക്കാരുകളുടെ നയങ്ങൾക്കാണ് മാത്രം പ്രാധാന്യം; മറ്റ് സർക്കാരുകളുടെ സംഭാവനകൾ പൂർണമായും അവഗണിക്കപ്പെട്ടിരിക്കുന്നു” എന്നും അദ്ദേഹം ആരോപിച്ചു.
ജന്മിത്വം, കർഷക സമരങ്ങൾ, ഭൂപരിഷ്‌കരണം തുടങ്ങിയ വിഷയങ്ങൾ മലബാറിലെ ഇടത് പ്രസ്ഥാനങ്ങളെയും നിയമങ്ങളെയും മാത്രം കേന്ദ്രീകരിക്കുന്നതിലൂടെ കേരളത്തിന്റെ സാമൂഹിക വളർച്ച ഇടതുപക്ഷ ആശയങ്ങളിലൂടെ മാത്രമാണ് സാധ്യമായത് എന്ന് സ്ഥാപിക്കാനാണ് ശ്രമം – പരാതിയിൽ പറയുന്നു. കൂടാതെ, ഇ.എം. രാധ, കാവുമ്പായി ബാലകൃഷ്ണൻ, ഇടത് സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവരുടെ ലേഖനങ്ങളും പഠനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നതും നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മുമ്പുണ്ടായിരുന്ന സെക്കന്റ് ലാംഗ്വേജ് മലയാളം കോഴ്‌സുകൾക്ക് പകരമായാണ് യുജി മൂന്നും നാലും സെമസ്റ്ററുകളിൽ എം.ഡി.സി. കോഴ്‌സുകൾ വന്നിരിക്കുന്നത്. മലയാളം മേജർ അല്ലാത്ത വിദ്യാർത്ഥികൾക്കാണ് ഇതിലൂടെ പഠനാവസരം ലഭിക്കുന്നത്. എന്നാൽ, ഇത് “മലയാളം പഠിപ്പിക്കൽ” അല്ല, “മലയാളത്തിൽ പഠിപ്പിക്കൽ” മാത്രമാണ്. ഭാഷാപരമായ കഴിവുകൾ വളർത്താനും സാഹിത്യബോധം രൂപപ്പെടുത്താനും ഈ കോഴ്‌സുകൾ സഹായിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു.
Tag: ‘Only communist ideas in Calicut University Malayalam syllabus”; Syndicate member files complaint