റഷ്യൻ എണ്ണ വ്യാപാരം; ”ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം പുനർസ്ഥാപിക്കണം” – നിക്കി ഹേലി
റഷ്യൻ എണ്ണ വ്യാപാരത്തിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ താരിഫുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരാൻ ഇടയാക്കുമെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി രംഗത്ത്.
ചൈനയുടെ ആഗോള അഭിലാഷങ്ങളെ ചെറുക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ, ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം പുനർസ്ഥാപിക്കണം എന്ന് ഹേലി വ്യക്തമാക്കി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് അവരുടേതായ മുന്നറിയിപ്പ് പ്രസക്തമാകുന്നത്.
“ഇന്ത്യയെ ചൈനയെപ്പോലെ ശത്രുവായി കാണാൻ പാടില്ല. താരിഫ് പ്രശ്നമോ, ഇന്ത്യ-പാക് വെടിനിർത്തൽ വിഷയത്തിൽ യുഎസ് പങ്കോ, ജനാധിപത്യ രാജ്യങ്ങൾ തമ്മിൽ ഭിന്നത സൃഷ്ടിക്കരുത്. ട്രംപ് ഭരണകൂടം അതിന് വഴിയൊരുക്കരുത്,” – ന്യൂസ് വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഹേലി.
2017 മുതൽ 2018 വരെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച നിമ്രത നിക്കി രൺധാവ ഹേലി, ഒരു പ്രസിഡൻഷ്യൽ കാബിനറ്റിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ-അമേരിക്കക്കാരിയുമാണ്. ട്രംപിനെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിന്റെ കടുത്ത വിമർശകയാണ്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 25% തീരുവ ഏർപ്പെടുത്തിയ അമേരിക്ക, റഷ്യൻ എണ്ണ വാങ്ങിയതിന് 25% അധിക താരിഫും ചുമത്തി. ഇന്ത്യ-പാക് വെടിനിർത്തൽ ചർച്ചകളിൽ യുഎസ് പങ്ക് അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതും, ഇതിനിടയിൽ സംഘർഷങ്ങൾ വർധിച്ചതും ബന്ധത്തെ ബാധിച്ചു. ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. 2023-ൽ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ആയി. പ്രായാധിക്യം നേരിടുന്ന ചൈനീസ് തൊഴിൽശക്തിക്കു പകരം ഇന്ത്യയ്ക്ക് യുവജനബലം ഉണ്ട്. പ്രതിരോധ രംഗത്ത് യുഎസ്–ഇന്ത്യ സഹകരണം സ്വതന്ത്ര ലോകത്തിന്റെ സുരക്ഷയ്ക്കു നിർണായകം ആകുമെന്ന് ഹേലി ചൂണ്ടിക്കാട്ടി.
“ഇന്ത്യയുടെ ശക്തി ഉയർന്നുപോകുമ്പോൾ ചൈനയുടെ ആഗോള ലക്ഷ്യങ്ങൾ ചുരുങ്ങും. എന്നാൽ ചൈനയിൽ നിന്ന് വ്യത്യസ്തമായി, ജനാധിപത്യ ഇന്ത്യയുടെ ഉയർച്ച ലോകത്തിന് ഭീഷണിയല്ല. ഇന്ത്യയുമായുള്ള 25 വർഷത്തെ മുന്നേറ്റം തകർക്കുന്നത് അമേരിക്കയ്‌ക്ക് തന്ത്രപരമായ ദുരന്തമായിരിക്കും,” – ഹേലി മുന്നറിയിപ്പ് നൽകി.
Tag: Russian oil trade; ”Trump administration should restore ties with India” – Nikki Haley