ഓൺലൈൻ ഗെയിമിംഗിന് കർശന നിയന്ത്രണം: ലോക്‌സഭയിൽ ബിൽ പാസ്സായി, ബില്ലിലെ വ്യവസ്ഥകൾ ഇങ്ങനെ
ഓൺലൈൻ ഗെയിമിംഗ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ, ഗെയിമിനോടുള്ള അമിത ആസക്തി എന്നിവ തടയാൻ ലക്ഷ്യമിട്ട് ‘പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ബിൽ, 2025’ ലോക്‌സഭ പാസാക്കി.
പ്രതിപക്ഷ ബഹളത്തിനിടയിലും ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ലഘു പ്രസംഗത്തിന് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ അംഗീകരിച്ചത്.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
പണം വെച്ച് കളിക്കുന്ന എല്ലാ ഓൺലൈൻ ഗെയിമുകളും നിരോധിക്കുന്നു – ഫാന്റസി സ്പോർട്സ്, പോക്കർ, റമ്മി, ഓൺലൈൻ ലോട്ടറികൾ എന്നിവ ഉൾപ്പെടെ.
ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ നടത്താൻ പാടില്ല.
വൈദഗ്ദ്ധ്യം/ഭാഗ്യം എന്ന വ്യത്യാസമില്ലാതെ ഓൺലൈൻ വാതുവെപ്പുകളും ചൂതാട്ടങ്ങളും പൂർണ്ണമായും വിലക്കപ്പെടും.
ഓൺലൈൻ മണി ഗെയിമിംഗ് സേവനങ്ങൾ നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധം.
ശിക്ഷാനടപടികൾ:
ഗെയിം സംഘടിപ്പിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ്, അല്ലെങ്കിൽ ഒരു കോടി രൂപ വരെ പിഴ, അല്ലെങ്കിൽ രണ്ടും.
ഇത്തരം ഗെയിമുകൾക്ക് പരസ്യം/സ്പോൺസർ ചെയ്യുന്നവർക്ക് രണ്ട് വർഷം തടവോ 50 ലക്ഷം രൂപ പിഴ.
കമ്പനികളുടെ ഡയറക്ടർമാർക്കും മാനേജർമാർക്കും വ്യക്തിപരമായ ഉത്തരവാദിത്വം, എന്നാൽ സ്വതന്ത്ര ഡയറക്ടർമാർക്കും നോൺ-എക്സിക്യൂട്ടീവുകൾക്കും ഒഴിവാക്കൽ.
അധികാരികൾക്ക് പ്രത്യേക അധികാരങ്ങൾ:
കുറ്റസന്ദേഹമുള്ളപ്പോൾ കേന്ദ്രസർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് വാറന്റില്ലാതെ പരിശോധന നടത്താൻ കഴിയും.
കെട്ടിടങ്ങൾ, വാഹനങ്ങൾ, കമ്പ്യൂട്ടർ സംവിധാനം, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരിശോധിക്കാനും സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് വിവരങ്ങൾ പിടിച്ചെടുക്കാനും അധികാരം. ഈ അധികാരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023-ൽ നിന്നാണ് എടുത്തിരിക്കുന്നത്.
സർക്കാരിന്റെ വാദമനുസരിച്ച്, ഓൺലൈൻ ഗെയിമിംഗിലൂടെ നടക്കുന്ന സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിംഗ്, സമൂഹത്തിൽ ഉണ്ടാകുന്ന അടിമത്തസ്വഭാവം എന്നിവ തടയാൻ ഈ നിയമം നിർണായകമാണ്.
Tag: Strict restrictions on online gaming: Bill passed in Lok Sabha, here are the provisions of the bill