കത്ത് ചോർച്ച വിവാദം: വക്കീൽ നോട്ടീസ് ലഭിച്ചതായി മുഹമ്മദ് ഷെർഷാദ്
കത്ത് ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസ് ലഭിച്ചതായി വ്യവസായി മുഹമ്മദ് ഷെർഷാദ് അറിയിച്ചു. നോട്ടീസിലെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും, കത്ത് ചോർന്നത് എം.വി. ഗോവിന്ദന്റെ മകൻ വഴിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവർത്തിച്ചു.
താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും, സിപിഎമ്മിനെയോ പാർട്ടി സെക്രട്ടറിയെയോ അല്ല ലക്ഷ്യമിട്ടത്. രാജേഷ് കൃഷ്ണയും ശ്യാംജിത്തും തമ്മിലുള്ള ബന്ധത്തെയാണ് കുറ്റപ്പെടുത്തിയതെന്ന് ഷെർഷാദ് വ്യക്തമാക്കി. “പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന അവസ്ഥയിലാണ് രാജേഷ് കൃഷ്ണ,” എന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടി. വക്കീൽ നോട്ടീസിന് ഉടൻ നിയമപരമായ മറുപടി നൽകുമെന്നും സോഷ്യൽ മീഡിയയിൽ പ്രസ്താവനയിലൂടെ ഷെർഷാദ് വ്യക്തമാക്കി.
ഷെര്‍ഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
പാർട്ടി സെക്രട്ടറിയുടെ വക്കീൽ നോട്ടീസ് ഇന്ന് കാലത്ത് 10.45 നു രജിസ്റ്റർഡ് പോസ്റ്റ് മുഖനെ എന്‍റെ ചെന്നൈയിലെ ഫ്ലാറ്റിൽ ലഭിച്ചു.…നോട്ടീസിൽ പറയുന്ന കാര്യങ്ങൾ തികച്ചും വാസ്തവവിരുദ്ധമാണ്. ഞാൻ എവിടെയും പാർട്ടിയെയോ പാർട്ടി സെക്രട്ടറിയെക്കുറിച്ചോ ഒന്നും പറഞ്ഞത്തിട്ടില്ല. ഞാൻ പറഞ്ഞത് പാർട്ടി സെക്രട്ടറിയുടെ മകനും രാജേഷ് കൃഷ്ണയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അതിന്‍റെ പേരിൽ കത്തു ചോർച്ചയിൽ അദ്ദേഹത്തെ (മകനെ) സംശയമുണ്ട് എന്ന് മാത്രമാണ്..ഈ പറഞ്ഞതിൽ ഞാൻ ഇന്നും ഉറച്ചുനിൽക്കുന്നു. നോട്ടിസിന് വ്യക്തമായ മറുപടി നൽകാൻ വേണ്ടി എന്‍റെ ഡൽഹി ഹൈക്കോടതി, എറണാകുളം ജില്ലാക്കോടതി മാറ്റും കുടുബകോടതിയിലെ കേസുകൾ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ അഡ്വക്കേറ്റ് ശ്രീജിത്ത് എസ് നായരെ ഏൽപ്പിച്ചിട്ടുണ്ട്. പാലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും ഇപ്പോൾ രാജേഷ് കൃഷ്ണയുടെ അവസ്ഥയും അതാണ്.
Tag: Letter leak controversy: Muhammad Shershad says he has received a legal notice