ബിസിനസ് വഞ്ചനാ കേസില്‍ ഡോണള്‍ഡ് ട്രംപിന് ആശ്വാസം; 454 മില്യണ്‍ ഡോളര്‍ പിഴ അപ്പീല്‍ കോടതി റദ്ദാക്കി
ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസം. കീഴ്‌കോടതി ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴ അപ്പീല്‍ കോടതി റദ്ദാക്കി. അഞ്ചംഗ അപ്പീല്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും ചുമത്തിയിരുന്ന പിഴ അനുപാതാതീതമാണെന്ന് കോടതി വ്യക്തമാക്കി.
“കേസില്‍ സമ്പൂര്‍ണ വിജയം നേടിയിരിക്കുന്നു,” എന്നാണ് ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഈ വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുമെന്നും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.
2024 ഫെബ്രുവരിയിലാണ് ന്യൂയോര്‍ക്ക് കോടതി ട്രംപിനെയും അദ്ദേഹത്തിന്റെ കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷനെയും ശിക്ഷിച്ചത്. ആദ്യം 355 മില്യണ്‍ ഡോളറായിരുന്നു പിഴ, പക്ഷേ അടച്ചുതീര്‍ക്കാതിരുന്നതിനാല്‍ പലിശ കൂട്ടി തുക 454 മില്യണായി. ഇന്‍ഷുറന്‍സ്, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ വഞ്ചിക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി കൃത്രിമമായി പെരുപ്പിച്ചുവെന്നായിരുന്നു കേസ്. അമിതമായ ശിക്ഷകള്‍ക്കെതിരെ ഭരണഘടന നല്‍കുന്ന സംരക്ഷണത്തെ (എട്ടാം ഭേദഗതി) ചൂണ്ടിക്കാട്ടിയാണ് മേല്‍ക്കോടതി പിഴ റദ്ദാക്കിയത്.
അതേസമയം, ട്രംപിനെതിരെ മറ്റു കേസുകളും തുടരുകയാണ്. 2016 തെരഞ്ഞെടുപ്പിന് മുന്‍പ് പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് നല്‍കിയ 130,000 ഡോളര്‍ മറച്ചുവെക്കാനായി ബിസിനസ് രേഖകളില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ട്രംപിനെതിരെ 34 കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് ജൂറി കണ്ടെത്തിയിരുന്നു. അഭിഭാഷകന്‍ മൈക്കല്‍ കോഹന് നല്‍കിയ പണം തിരികെ നല്‍കുന്നതിനായി രേഖകളില്‍ തിരിമറി നടത്തിയെന്നാരോപിച്ചാണ് ശിക്ഷ വിധിക്കപ്പെട്ടത്.
Tag: Relief for Donald Trump in business fraud case: Appeals court overturns $454 million fine