ധർമ്മസ്ഥല തിരോധാന കേസിൽ വൻ വഴിത്തിരിവ്; അനന്യ ഭട്ട് എന്ന മകൾ തനിക്കില്ലെന്ന് സുജാത ഭട്ട്
ധർമ്മസ്ഥല തിരോധാന കേസിൽ വൻ വഴിത്തിരിവ്. 2003-ൽ ധർമ്മസ്ഥലയിൽ നിന്ന് കാണാതായ അനന്യ ഭട്ട് എന്ന മകൾ തനിക്കില്ലെന്ന് സുജാത ഭട്ട്. ഭീഷണികൾക്കൊടുവിലാണ് പരാതി നൽകേണ്ടി വന്നതെന്നും, സ്വത്ത് പ്രശ്നം മൂലമാണ് ചിലർ വ്യാജ കഥ സൃഷ്ടിക്കാൻ സമ്മർദ്ദം ചെലുത്തിയതെന്നും സുജാത പറയുന്നു.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെ, ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇന്ന് ഹാജരാകാനാവില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും സുജാത സംഘത്തെ അറിയിച്ചു. അവരുടെ വീട്ടിന് മുന്നിൽ മാധ്യമങ്ങളും നാട്ടുകാരും തടിച്ചുകൂടിയപ്പോൾ, പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
“അനന്യ ഭട്ട് എന്നൊരു മകൾ തനിക്കില്ല. മുമ്പ് പുറത്തുവിട്ട ഫോട്ടോകളും വ്യാജമാണ്. ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവർ, ടി. ജയന്തി എന്നിവർ തന്നെ ഇങ്ങനൊരു കഥ പറയാൻ സമ്മർദ്ദം ചെലുത്തിയെന്നും സ്വത്ത് പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും സുജാത ഭട്ട് പറഞ്ഞു. ധർമ്മസ്ഥല ക്ഷേത്ര അധികാരികളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി എന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലായിരുന്നു. എന്റെ ഒപ്പില്ലാതെ ആ സ്വത്ത് വിട്ടുകൊടുത്തതാണ് ഞാൻ ചോദ്യം ചെയ്തത്. ആരും എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല, ഞാനും ആരോടും ചോദിച്ചിട്ടില്ല,” എന്ന് സുജാത വ്യക്തമാക്കി. “സാമ്പത്തിക ലക്ഷ്യത്തോടെയല്ല ഞാൻ ചെയ്തത്. കർണാടകയിലെ ജനങ്ങൾക്കും ധർമ്മസ്ഥലത്തിലെ ഭക്തർക്കും, രാജ്യത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു,” എന്നും അവർ കൂട്ടിച്ചേർത്തു.
ഇതോടെ, ഈ ആഴ്ച ആദ്യം അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴികളോട് പൂര്ണമായി വിരുദ്ധമായ നിലപാടാണ് സുജാത എടുത്തിരിക്കുന്നത്. 2003 മെയ് മാസത്തിലാണ് 18 വയസ്സുള്ള മെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ അനന്യ ധർമ്മസ്ഥലത്ത് കാണാതായതായി സുജാത ആദ്യം പരാതി നൽകിയിരുന്നത്. മകൾ ക്ഷേത്രപരിസരത്ത് നിന്നു കൊണ്ടിരിക്കെയായിരുന്നു കാണാതായതെന്നും, തുടർന്ന് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും അവർ മുമ്പ് ആരോപിച്ചിരുന്നു.
Tag: Major breakthrough in Dharmasthala disappearance case; Sujatha Bhatt says she does not have a daughter named Ananya Bhatt